സൗദി: പ്രവാസി എഞ്ചിനീയർമാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുന്നതിന് മുൻപായി പ്രത്യേക പരീക്ഷ നടത്താൻ തീരുമാനം

featured GCC News

പുതിയ തൊഴിൽ വിസകളിൽ സൗദിയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന പ്രവാസി എഞ്ചിനീയർമാർക്ക്, രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപായി, തൊഴില്‍പരമായ ഒരു പ്രത്യേക പരീക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി, തൊഴില്‍പരമായ പ്രത്യേക പരീക്ഷ സംബന്ധിച്ച നടപടിക്രമങ്ങൾ, എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങ് ഇവാലുവേഷൻ കമ്മിഷൻ, സൗദി കൌൺസിൽ ഓഫ് എഞ്ചിനീയേർസ് എന്നിവർ സംയുക്തമായി ചർച്ച ചെയ്തതായാണ് സൂചനകൾ.

പ്രവാസി എഞ്ചിനീയർമാരുടെ തൊഴിൽപരമായ കഴിവുകൾ ഉറപ്പാക്കുന്നതിനായി പ്രത്യേക പരീക്ഷകൾ നടപ്പിലാക്കുന്നതിന് രൂപം നൽകാൻ സൗദി മുനിസിപ്പൽ ആൻഡ് റൂറൽ അഫയേഴ്‌സ് മന്ത്രി മജീദ് അൽ ഹൊഖൈൽ, സൗദി കൌൺസിൽ ഓഫ് എഞ്ചിനീയേർസിനോട് ഉത്തരവിട്ടതിനെ തുടർന്നാണ് ഈ നടപടി. സൗദിയിലെ വിവിധ മേഖലകളിലെ എഞ്ചിനീയറിങ്ങ് തൊഴിലുകളുടെ നിലവാരം ഉറപ്പാക്കുന്നതിനും, ഇതിലൂടെ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.

ഇതിനായി സൗദിയിൽ തൊഴിൽ ചെയ്യുന്ന പ്രവാസി എഞ്ചിനീയർമാരുടെ വിദ്യാഭ്യാസ യോഗ്യതകൾ, പ്രവർത്തി പരിചയം മുതലായവ വിലയിരുത്തുന്നതിനും റൂറൽ അഫയേഴ്‌സ് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. പുതിയതായി നടപ്പിലാക്കാൻ പോകുന്ന ഈ തീരുമാന പ്രകാരം, പുതിയ തൊഴിൽ വിസകളിൽ സൗദിയിലെത്തുന്ന പ്രവാസി എഞ്ചിനീയർമാർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപ് തന്നെ ഈ പരീക്ഷയിൽ വിജയിക്കേണ്ടതായി വരുന്നതാണ്. ഇതിനായുള്ള പരീക്ഷകൾ ആഗോളതലത്തിൽ ഓൺലൈനിലൂടെ നടത്തുന്നതാണ്.