ലോകത്തെ ഏറ്റവും വലിയ ഒട്ടക മേളയായ കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന് 2021 ഡിസംബർ 1 മുതൽ സൗദി അറേബ്യ വേദിയാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഡിസംബർ 1 മുതൽ നാല്പത് ദിവസം നീണ്ട് നിൽക്കുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.
സൗദി അറേബ്യയിലെയും, അറബ് മേഖലയിലെയും, യു എസ് എ, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെയും ഒട്ടക ഉടമകൾ ഈ മേളയിൽ പങ്കെടുക്കുന്നതാണ്. ക്യാമൽ ക്ലബാണ് കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
മേളയിൽ പങ്കെടുക്കുന്നവർക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ വ്യക്തമാക്കി. https://kacf.camelclub.gov.sa/Home/Login എന്ന വിലാസത്തിൽ ഈ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. 2021 നവംബർ 16 വരെ ഈ രജിസ്‌ട്രേഷൻ ലഭ്യമാണ്.
കിംഗ് അബ്ദുൽ അസീസ് ക്യാമൽ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. ആറ് നിറങ്ങളിലുള്ള ഒട്ടകങ്ങൾക്കായി ആകെ 19 വ്യത്യസ്ത മത്സര ഇനങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25 കോടി സൗദി റിയാൽ മൂല്യമുള്ള സമ്മാനങ്ങളാണ് മേളയുടെ ഭാഗമായി ഈ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്.
റിയാദിൽ നിന്ന് വടക്കുകിഴക്ക് ദിക്കിലായി 100 കിലോമീറ്ററോളം മാറി 32 സ്‌ക്വയർ കിലോമീറ്റർ വിസ്തീര്‍ണ്ണമുള്ള ഒരു വേദിയാണ് ഈ മേളയ്ക്കായി ഒരുങ്ങുന്നത്. മേളയുടെ ഭാഗമായുള്ള ലോകപ്രശസ്തമായ ഒട്ടക ചന്തയ്ക്ക് പുറമെ നിരവധി വിനോദ, സാംസ്‌കാരിക പരിപാടികളും അരങ്ങേറുന്നതാണ്. ഗൾഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ ഒട്ടക ചന്ത ഈ മേളയുടെ പ്രത്യേകതയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിദിനം ഒരു ലക്ഷം സന്ദർശകരെയാണ് ഈ മേളയിൽ പ്രതീക്ഷിക്കുന്നത്.
Photos: Saudi Press Agency [File photos of King Abdulaziz Camel Festival.]