ബസ്, ട്രക്ക് എന്നിവ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ നടത്തുന്ന വിവിധ നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം 2024 ഏപ്രിൽ 21 മുതൽ പ്രയോഗക്ഷമമാക്കുമെന്ന് സൗദി ട്രാൻസ്‌പോർട് ജനറൽ അതോറിറ്റി അറിയിച്ചു. 2024 ജനുവരി 29-നാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചരക്ക് ഗതാഗത്തിനായി ഉപയോഗിക്കുന്ന ട്രക്കുകൾ, വാടകയ്ക്കുള്ള ട്രക്കുകൾ, ഇന്റർനാഷണൽ ട്രാൻസ്‌പോർട് ബസുകൾ, വാടകയ്ക്കുള്ള ബസുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഈ നിരീക്ഷണ സംവിധാനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഈ സംവിധാനത്തിലൂടെ ഇത്തരം വാഹനങ്ങൾ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾ സ്വയമേവ കണ്ടെത്താനാകുന്നതാണ്.
റോഡ് സുരക്ഷ കൂട്ടുന്നതിനും, ട്രക്കുകൾ, ബസുകൾ എന്നിവ നിബന്ധനകൾ പാലിച്ച് കൊണ്ടാണ് സർവീസുകൾ നടത്തുന്നതെന്ന് ഉറപ്പ് വരുത്തുന്നതിനുമായാണ് ഈ തീരുമാനം. ഈ തീരുമാനം അനുസരിച്ച് 2024 ഏപ്രിൽ 21 മുതൽ സൗദി അറേബ്യയുടെ എല്ലാ മേഖലകളിലും ഈ സംവിധാനം ഉപയോഗിച്ച് താഴെ പറയുന്ന നിയമലംഘനങ്ങളാണ് നിരീക്ഷിക്കുന്നത്:
- ഓപ്പറേറ്റിംഗ് കാർഡ് ഇല്ലാതെ സർവീസ് നടത്തുന്ന ബസുകൾ, ട്രക്കുകൾ എന്നിവ കണ്ടെത്തുന്നതിന്.
- കാലാവധി അവസാനിച്ച ഓപ്പറേറ്റിംഗ് കാർഡ് ഉപയോഗിച്ച് സർവീസ് നടത്തുന്ന ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിന്.
- കാലാവധി അവസാനിച്ച പഴക്കം ചെന്ന ബസുകൾ കണ്ടെത്തുന്നതിന്.
ടാക്‌സികൾ, പൊതുഗതാഗത്തിനുള്ള ബസുകൾ, സ്‌കൂൾ ബസുകൾ തുടങ്ങിയ വാഹനങ്ങൾ സൗദി അറേബ്യയിൽ നേരത്തെ തന്നെ ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിച്ച് വരുന്നുണ്ട്.
Cover Image: Saudi Press Agency.