മാർച്ച് 31 മുതൽ യാത്രാ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

GCC News

രാജ്യത്തെ പൗരന്മാർക്ക് ഏർപ്പെടുത്തിയിട്ടുള്ള, സൗദിയിൽ നിന്ന് പുറത്തേക്കും, തിരികെയുമുള്ള യാത്രാ വിലക്കുകൾ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ 2021 മാർച്ച് 31 മുതൽ പൂർണ്ണമായി ഒഴിവാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 8, വെള്ളിയാഴ്ച്ച രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.

ഇതോടൊപ്പം രാജ്യത്തെ എല്ലാ അതിർത്തികളും തുറക്കുന്നതിനും, വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനും ആഭ്യന്തര മന്ത്രാലയും തീരുമാനമെടുത്തിട്ടുണ്ട്. ഈ തീരുമാന പ്രകാരം, 2021 മാർച്ച് 31 മുതൽ താഴെ പറയുന്ന തീരുമാനങ്ങളാണ് യാത്രകൾ സംബന്ധിച്ച് സൗദിയിൽ പ്രാബല്യത്തിൽ വരുന്നത്.

  • സൗദി പൗരന്മാർക്ക് രാജ്യത്തിന് പുറത്തേക്കും, തിരികെയും യാത്ര ചെയ്യുന്നതിന് അനുമതി നൽകും.
  • സാധാരണ നിലയിലുള്ള വ്യോമയാന സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള താത്കാലിക വിലക്കുകൾ പിൻവലിക്കും.
  • രാജ്യത്തെ എല്ലാ അതിർത്തികളും തുറക്കും.

കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും ഈ നടപടികൾ നടപ്പിലാക്കുക എന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

COVID-19 വ്യാപനത്തെത്തുടർന്നാണ് കഴിഞ്ഞ വർഷം ആദ്യത്തിൽ സൗദി ആഭ്യന്തര മന്ത്രാലയം സൗദിയിലേക്കും, തിരികെയുമുള്ള യാത്രകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇതിനെത്തുടർന്ന് നിയന്ത്രണങ്ങളോടെയാണ് വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാനുമതി നൽകുന്നത്. രാജ്യത്തിനകത്തേക്കും, പുറത്തേക്കും ഇരുവശത്തേക്കുമുള്ള യാത്രകളുടെ നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കുന്നതും, രാജ്യത്തെ എല്ലാ അതിർത്തികളും തുറക്കുന്നതും സംബന്ധിച്ച കൃത്യമായ തീയ്യതികൾ മന്ത്രാലയം പിന്നീട് അറിയിക്കുമെന്ന് 2020 ഡിസംബറിൽ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.

യു കെയിലും, മറ്റു യൂറോപ്യൻ രാജ്യങ്ങളിലും COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ രാജ്യാതിർത്തികൾ പൂർണ്ണമായും അടച്ചിടാൻ സൗദി ഡിസംബർ 20-ന് അടിയന്തിരമായി തീരുമാനിച്ചിരുന്നു. പിന്നീട് സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം 2021 ജനുവരി 3 മുതൽ ഈ തീരുമാനം പിൻവലിക്കാനും, രാജ്യത്തേക്കുള്ള വ്യോമയാന സേവനങ്ങളും, കര, കടൽ അതിർത്തികളിലൂടെയുള്ള പ്രവേശനവും മുൻപ് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളോടെ പുനരാരംഭിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരുന്നു. വിദേശയാത്രകൾക്കും, വ്യോമയാനമേഖലയിലും സൗദിയിൽ നിലവിൽ നിലനിൽക്കുന്ന മറ്റു COVID-19 നിയന്ത്രണങ്ങളാണ് ഇപ്പോൾ ഈ പുതിയ തീരുമാനത്തിലൂടെ 2021 മാർച്ച് 31 മുതൽ ഒഴിവാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.