സൗദി: ജനുവരി 1 മുതൽ എല്ലാ ഗാർഹിക ജീവനക്കാരുടെയും ശമ്പള വിതരണം ഇ-ട്രാൻസ്ഫർ സേവനങ്ങളിലൂടെയാക്കുന്നു

featured GCC News

2026 ജനുവരി 1 മുതൽ രാജ്യത്തെ എല്ലാ ഗാർഹിക ജീവനക്കാരുടെയും ശമ്പള വിതരണത്തിനായി ഇ-ട്രാൻസ്ഫർ സേവനങ്ങൾ നിർബന്ധമാക്കുന്നതായി സൗദി അധികൃതർ അറിയിച്ചു. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡവലപ്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

ഗാർഹിക ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുന്നതിനായാണ് ശമ്പള വിതരണം ഔദ്യോഗിക സംവിധാനങ്ങളിലൂടെയാക്കുന്നത്. ഇലക്ട്രോണിക് വേതന വിതരണത്തിനായി മുസ്നദ് സംവിധാനമാണ് ഉപയോഗിക്കേണ്ടത്.

ഗാർഹിക ജീവനക്കാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനും, കരാർ അവസാനിക്കുന്നതോടെ ജീവനക്കാരനുമായ ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഈ സംവിധാനം സഹായകമാണ്. 2024 ജൂലൈ 1-ന് ആരംഭിച്ച ഈ തീരുമാനത്തിന്റെ ആദ്യ ഘട്ടത്തിൽ സൗദി അറേബ്യയിൽ ആദ്യമായെത്തുന്ന ഗാർഹിക ജീവനക്കാരുടെ വേതനം ഇ-ട്രാൻസ്ഫർ സേവനങ്ങളിലൂടെയാക്കിയിരുന്നു.

2025 ജനുവരിയിൽ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ നാലോ, അതിലധികമോ ഗാർഹിക ജീവനക്കാരുള്ള തൊഴിലുടമകൾക്കും, 2025 ജൂലൈയിൽ ആരംഭിച്ച മൂന്നാം ഘട്ടത്തിൽ മൂന്നോ, അതിലധികമോ ഗാർഹിക ജീവനക്കാരുള്ള തൊഴിലുടമകൾക്കും, 2025 ഒക്ടോബർ 1 മുതൽ രണ്ടോ, അതിലധികമോ ഗാർഹിക ജീവനക്കാരുള്ള തൊഴിലുടമകൾക്കും ഈ തീരുമാനം ബാധകമാക്കിയിരുന്നു.