ഈ വർഷത്തെ റമദാൻ വേളയിൽ രാജ്യത്തെ റെസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവയിൽ ഇഫ്‌താർ, സുഹുർ ബുഫെ വിരുന്നുകൾ സംഘടിപ്പിക്കുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അധികൃതർ അറിയിച്ചു. പള്ളികളിൽ നടത്തുന്ന പൊതു ഇഫ്താർ വിരുന്നുകൾക്കും അനുമതി ഉണ്ടായിരിക്കുന്നതല്ല.
റമദാൻ വേളയിൽ രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികൾ സംബന്ധിച്ച് വിവിധ വകുപ്പുകൾ സംയുക്തമായി രൂപം നൽകുന്ന മാനദണ്ഡങ്ങളിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളതെന്ന് സൗദിയിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൗദിയിലെ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്‌സ്, ടൂറിസം മന്ത്രാലയം, മുനിസിപ്പൽ അഫയേഴ്‌സ്, മീഡിയ വകുപ്പ് എന്നിങ്ങനെ ആറ് വകുപ്പുകൾ ചേർന്ന് സംയുക്തമായാണ് ഈ മാനദണ്ഡങ്ങൾക്ക് രൂപം നൽകുന്നത്.
വിവിധ വകുപ്പുകളിൽ നിന്നുള്ള സൂചനകളനുസരിച്ച് ഭക്ഷണശാലകളിലും, പള്ളികളിലും ഇഫ്താർ വിരുന്നുകൾക്ക് അനുമതി ഉണ്ടായിരിക്കില്ല. സുരക്ഷ ഉറപ്പാക്കുന്നതിനായി രാജ്യത്തെ പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവയിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും സൂചനകളുണ്ട്. പാർക്കുകളിലും മറ്റും പരിമിതമായ അളവിൽ മാത്രമായിരിക്കും ജനങ്ങൾക്ക് ഒത്ത് ചേരുന്നതിന് അനുമതി നൽകുന്നത്. ചെറു പാർക്കുകൾ റമദാൻ കാലയളവിൽ അടച്ചിടുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
റമദാനിൽ മാളുകളുടെയും, വാണിജ്യ കേന്ദ്രങ്ങളുടെയും പ്രവർത്തനം 24 മണിക്കൂറാക്കുന്നതാണ്. ഭക്ഷണശാലകളിൽ നിന്നുള്ള പാർസൽ സേവനങ്ങൾ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് വകുപ്പുകൾ പുറത്തിറക്കുന്നതാണ്. പൊതുസമൂഹത്തിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമാക്കുന്നതിനായി വിവിധ പ്രചാരണ പരിപാടികൾ മീഡിയ വകുപ്പിന് കീഴിൽ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.