സൗദി: വിദേശ പൗരന്മാർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് മുൻപ് വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

featured GCC News

രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ വിദേശ പൗരന്മാരും, യാത്ര പുറപ്പെടുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന അറിയിപ്പ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) ആവർത്തിച്ചു. ജൂൺ 16-ന് വൈകീട്ടാണ് ജവാസാത് ഇക്കാര്യം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ജി സി സി പൗരന്മാർ, എല്ലാത്തരം പുതിയ വിസകളിലുമെത്തുന്ന യാത്രികർ, പ്രവാസികൾ, ഇവരുടെ ആശ്രിതവിസകളിലുള്ളവർ, COVID-19 വാക്സിൻ സ്വീകരിച്ചവർ, ഇതുവരെ വാക്സിനെടുക്കാത്തവർ എന്നിവർ ഉൾപ്പടെ മുഴുവൻ യാത്രികരോടും സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപായി തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് തെളിയിക്കുന്നതിനായുള്ള വിവരങ്ങൾ ഓൺലൈനിലൂടെ നൽകുന്നതിനാണ് ജവാസത് ആഹ്വാനം ചെയ്തിരിക്കുന്നത്. ഓൺലൈനിലൂടെ ഈ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നത് രാജ്യത്തേക്ക് പ്രവേശിക്കുന്ന വേളയിൽ എമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കുന്നതിനും, രാജ്യത്തേക്ക് പ്രവേശിക്കുന്ന കവാടങ്ങളിൽ കാത്ത് നിൽക്കുന്ന അവസ്ഥ ഒഴിവാക്കുന്നതിനും സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മെയ് 21-നും ജവാസാത് സമാനമായ ഒരു അറിയിപ്പ് നൽകിയിരുന്നു.

രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി ജൂൺ 7-ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയ്ക്ക് പുറത്ത് നിന്ന് സ്വീകരിച്ച വാക്സിൻ ഡോസ് സംബന്ധമായ വിവരങ്ങൾ ആരോഗ്യ മന്ത്രാലയവുമായി പങ്ക് വെക്കുന്നതിനുള്ള സംവിധാനം https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന വിലാസത്തിലൂടെ ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചിരുന്നു. സാധുതയുള്ള സൗദി നാഷണൽ, റെസിഡൻസി ഐഡിയുള്ളവർക്കാണ് ഈ സേവനം ഉപയോഗപ്പെടുത്താനാകുന്നത്. സൗദി നാഷണൽ ഐഡി, സൗദി റെസിഡൻസി ഐഡി എന്നിവ ഇല്ലാത്തവർക്ക്, സൗദി അറേബ്യ സന്ദർശിക്കുന്ന ആവശ്യങ്ങൾക്കായി വാക്സിനേഷൻ സംബന്ധമായ വിവരങ്ങൾ പങ്ക് വെക്കുന്നതിന് https://muqeem.sa/#/vaccine-registration/home എന്ന വിലാസം ഉപയോഗിക്കാവുന്നതാണ്.