വിദ്യാർത്ഥികളെ ഇറക്കുന്നതിനോ, കയറ്റുന്നതിനോ ആയി സ്കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ അവയെ മറികടക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നൽകി.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്ക് 3000 മുതൽ 6000 റിയാൽ വരെ പിഴ ചുമത്തുമെന്നാണ് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചിരിക്കുന്നത്. സ്കൂൾ ബസുകൾ റോഡിൽ നിർത്തുന്ന അവസരത്തിൽ മറ്റു വാഹനങ്ങൾ അവയെ മറികടക്കരുതെന്ന നിയമം കർശനമായി പാലിക്കാൻ മറ്റു ഡ്രൈവർമാരോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്കൂൾ ബസുകളിൽ നിന്ന് ഇറങ്ങുന്നവരും, സ്കൂൾ ബസുകളിലേക്ക് കയറുന്നവരുമായ വിദ്യാർത്ഥികൾക്ക് സുരക്ഷിതരായി റോഡ് മുറിച്ച് കടക്കുന്നതിനായാണ് ഇത്തരം ഒരു നിയമം. വാഹനങ്ങളിൽ നിന്ന് സുരക്ഷിതരായി ഇറങ്ങുന്നതിനെക്കുറിച്ചും, സുരക്ഷിതരായി വാഹനങ്ങളിൽ കയറുന്നതിനെക്കുറിച്ചും, സുരക്ഷ ഉറപ്പ് വരുത്തിക്കൊണ്ട് റോഡ് മുറിച്ച് കടക്കുന്നതിനെക്കുറിച്ചും കുട്ടികൾക്ക് ബോധവത്കരണം നൽകാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടിട്ടുണ്ട്.