സൗദി: മറ്റുള്ളവരിലേക്ക് മനഃപൂർവ്വം COVID-19 രോഗം പകരാനിടയാക്കുന്നവർക്ക് 5 ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ

featured GCC News

രാജ്യത്ത് മറ്റുള്ളവരിലേക്ക് കരുതിക്കൂട്ടിയുളള പ്രവർത്തികളിലൂടെ COVID-19 രോഗം പകരാൻ കാരണക്കാരാകുന്നവർക്ക് കനത്ത പിഴയും, തടവ് ശിക്ഷയും നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഇത്തരം പ്രവർത്തികളെ സൗദിയിൽ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

രാജ്യത്തെ COVID-19 രോഗവ്യാപനം തടയുന്നതിനായുള്ള പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഇത്തരം ഒരു മുന്നറിയിപ്പ് നൽകിയത്. “മനഃപൂർവ്വമായി മറ്റുള്ളവരിലേക്ക് COVID-19 രോഗം പകരാനിടയാക്കുന്ന പ്രവർത്തനങ്ങൾ കുറ്റകൃത്യമായി കണക്കാക്കുന്നതാണ്.”, പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

രാജ്യത്ത് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ രോഗവ്യാപനത്തിനിടയാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കൂടിയാണ് പബ്ലിക് പ്രോസിക്യൂഷൻ ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ മറികടന്ന് കൊണ്ട് പൊതുഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും ആളുകൾ ഒത്ത്‌ചേരുന്നതും, സമൂഹ അകലം പാലിക്കാതിരിക്കുന്നതും, മാസ്കുകൾ ഉപയോഗിക്കാതിരിക്കുന്നതും ഉൾപ്പടെയുള്ള പ്രവർത്തികൾ ദിനംപ്രതി ഉയരുന്നത് സൗദിയിലെ നിലവിലെ രോഗവ്യാപനം രൂക്ഷമാകുന്നതിന് ഇടയാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കരുതിക്കൂട്ടിയുളള പ്രവർത്തികളിലൂടെ മറ്റുള്ളവരിലേക്ക് COVID-19 രോഗം പകരാൻ കാരണമാകുന്ന പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് അഞ്ച് വർഷം വരെ തടവും, പരമാവധി 5 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിക്കാമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പബ്ലിക് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്ന പ്രവാസികളെ സൗദിയിൽ നിന്ന് നാട് കടത്തുമെന്നും, ഇവർക്ക് എന്നേക്കുമായി സൗദിയിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.