വിമാനടിക്കറ്റ് എടുക്കുന്നവർക്ക് സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ടൂറിസ്റ്റ് വിസ സൗജന്യമായി നൽകുന്ന ഒരു പദ്ധതി ഉടൻ തന്നെ ആരംഭിക്കുമെന്ന് സൗദിയ അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
രാജ്യത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായാണ് ഈ നടപടി. സൗദിയ എയർലൈൻ ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഷഹ്‌റാനിയെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൗദിയ വിമാനങ്ങളിൽ വിമാനടിക്കറ്റ് എടുക്കുന്നവർക്ക് നാല് ദിവസത്തെ കാലാവധിയുള്ള സൗജന്യ വിസ അനുവദിക്കുന്നതിനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ വിസ ഉപയോഗിച്ച് കൊണ്ട് വിനോദസഞ്ചാരത്തിനായും, ഉംറ തീർത്ഥാടനം അനുഷ്ഠിക്കുന്നതിനായും സൗദി അറേബ്യയിലേക്ക് പ്രവേശിക്കാവുന്നതാണ്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി, സൗദി അറേബ്യയിലേക്ക് കൂടുതൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നത് പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുടെ ഭാഗമായാണ് ഇത്തരം ഒരു പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവർക്ക് രാജ്യം മുഴുവൻ സഞ്ചരിക്കുന്നതിനും, സൗദി അറേബ്യയിൽ നടക്കുന്ന ചടങ്ങുകളിലും, പരിപാടികളിലും പങ്കെടുക്കുന്നതിനും, ഉംറ അനുഷ്ഠിക്കുന്നതിനും അനുമതി ലഭിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദി വിദേശകാര്യ മന്ത്രാലയം, സൗദി ആഭ്യന്തര മന്ത്രാലയം, ഹജ്ജ്, ഉംറ മന്ത്രാലയം തുടങ്ങിയ നിരവധി വകുപ്പുകളുമായി സഹകരിച്ചാണ് സൗദിയ ഈ സേവനം നടപ്പിലാക്കുന്നത്.
Cover Image: Saudi Press Agency.