സൗദി അറേബ്യ: മദീന, ജസാൻ എന്നിവിടങ്ങളിൽ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു

featured GCC News

മദീന, ജസാൻ എന്നിവിടങ്ങളിലെ കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നതായി സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് (MHRSD) അറിയിച്ചു. 2023 ജൂലൈ 8, ശനിയാഴ്ച മുതലാണ് ഈ തീരുമാനം പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

MHRSD നടപ്പിലാക്കി വരുന്ന പ്രാദേശിക സ്വദേശിവത്കരണ പരിപാടിയുടെ ഭാഗമായാണിത്. മദീന, ജസാൻ എന്നിവിടങ്ങളിലെ മുനിസിപ്പാലിറ്റികളുമായി സഹകരിച്ചാണ് MHRSD ഇക്കാര്യം നടപ്പിലാക്കുന്നത്.

സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, അവരുടെ സൗദി അറേബ്യയിലെ തൊഴിൽ മേഖലയിലെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി 2023 ജൂലൈ 8 മുതൽ മദീന പ്രദേശത്തെ റസ്റ്ററന്റുകളിലെ വിവിധ തൊഴിലുകളിൽ 40 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്.

മദീന മേഖലയിലെ റസ്റ്ററന്റുകൾ, ഫാസ്റ്റ് ഫുഡ് ഷോപ്പുകൾ, ജ്യൂസ് ഷോപ്പുകൾ എന്നിവിടങ്ങളിൽ ഈ തീരുമാനം ബാധകമാണ്. ഇതിന് പുറമെ ഈ പ്രദേശത്തെ കഫേ, ഐസ്ക്രീം ഷോപ്പുകൾ എന്നിവിടങ്ങളിൽ 50 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്.

ഭക്ഷണപാനീയങ്ങളുമായി ബന്ധപ്പെട്ട മൊത്തവ്യാപാര മേഖലകളിലും (ക്‌ളീനിംഗ്, അൺലോഡിങ്ങ് തൊഴിലുകൾ ഒഴികെ) അമ്പത് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കിയിട്ടുണ്ട്. ഫാക്ടറികൾ, ഓഫീസുകൾ, ഹോസ്പിറ്റൽ, സ്‌കൂൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന കാന്റീൻ/ കഫെറ്റീരിയ, കാറ്ററിംഗ് കോൺട്രാക്ടർമാർ, കാറ്ററിംഗ്, ഹോട്ടലുകൾ, അപ്പാർട്മെന്റുകൾ എന്നിവയിൽ പ്രവർത്തിക്കുന്ന റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ മേഖലകളെ ഈ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് MHRSD അറിയിച്ചിട്ടുണ്ട്.

മദീനയിലെ ഏതാനം തൊഴിൽമേഖലകളിൽ ജൂൺ മാസം മുതൽ കൂടുതൽ സ്വദേശിവത്കരണം നടപ്പിലാക്കാൻ തീരുമാനിച്ചതായി MHRSD നേരത്തെ അറിയിച്ചിരുന്നു.

ജസാൻ മേഖലയിലെ വില്പനശാലകളിലെ അഡ്വെർടൈസിങ്ങ് ഏജൻസികളിൽ 70 ശതമാനം സ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പേർസണൽ കംപ്യൂട്ടർ, ലാപ്ടോപ്പ് മുതലായവയുടെ ഫിക്സിങ്ങ്, മെയിന്റനൻസ് എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലും സ്വദേശിവത്കരണം ബാധകമാക്കിയിട്ടുണ്ട്. ഈ മേഖലയിലെ പാസഞ്ചർ ഫെറികളിലെ ഏതാനം തൊഴിലുകളിലും സ്വദേശിവത്കരണം ബാധകമാക്കിയിട്ടുണ്ട്.

Cover Image: Saudi Press Agency.