രണ്ട് ഭാഗങ്ങളായി നടപ്പിലാക്കുന്ന ഖത്തറിലെ COVID-19 നിയന്ത്രണങ്ങളിലെ നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം ഇന്ന് (സെപ്റ്റംബർ 15) മുതൽ പ്രാബല്യത്തിൽ വരുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് അറിയിച്ചു. രാജ്യത്തെ COVID-19 സാഹചര്യങ്ങളും, ആരോഗ്യ സൂചികകളും വിശകലനം ചെയ്‌ത
ശേഷമാണ് കമ്മിറ്റി ഈ തീരുമാനം കൈകൊണ്ടത്.
സെപ്റ്റംബർ 1 മുതൽ നടപ്പിലാക്കിയ ഇളവുകൾ തുടരാനും, താഴെ പറയുന്ന ഇളവുകൾ സെപ്റ്റംബർ 15 മുതൽ നടപ്പിലാക്കാനുമാണ് സുപ്രീം കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
- പരമാവധി ശേഷിയുടെ 15 ശതമാനം സന്ദർശകർക്ക് പ്രവേശനം നൽകുന്ന രീതിയിൽ സെപ്റ്റംബർ 1 മുതൽ പ്രവർത്തനം പുനരാരംഭിച്ച സിനിമാശാലകൾ, തീയറ്ററുകൾ എന്നിവയ്ക്ക് 30 ശതമാനം സന്ദർശകർക്ക് സേവനങ്ങൾ നൽകുന്നതിന് അനുവാദം നൽകും. 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് നിലവിൽ സിനിമാശാലകളിലേക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.
- ജിം, ഹെൽത്ത് ക്ലബ്, പൊതു നീന്തൽക്കുളങ്ങൾ എന്നിവയുടെ അനുവദനീയമായ ശേഷി 30 ശതമാനത്തിലേക്ക് കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ ഇളവുകൾ നടപ്പിലാക്കുന്ന സാഹചര്യത്തിലും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുസമൂഹത്തോട് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ സാഹചര്യങ്ങൾ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനും, കൂടുതൽ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതിനും മുഴുവൻ സമൂഹവും ഒറ്റകെട്ടായി സഹകരിക്കേണ്ടത് അത്യാവശ്യമാണെന്നും കമ്മിറ്റി വ്യക്തമാക്കി.
നാലാം ഘട്ടത്തിലെ ഇളവുകൾ രണ്ട് ഭാഗങ്ങളായി നടപ്പിലാക്കാൻ തീരുമാനിച്ചതായും, ഇതിന്റെ ആദ്യ ഭാഗം ഇളവുകൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കുന്നതാണെന്നും ഖത്തറിലെ സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്‌മന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. നാലാം ഘട്ട ഇളവുകളുടെ ഒന്നാം ഭാഗം സെപ്റ്റംബർ 1 മുതൽ നടപ്പിലാക്കിയ ശേഷം, രാജ്യത്തെ സാഹചര്യങ്ങൾ സെപ്റ്റംബർ പകുതിവരെ തുടർച്ചയായി വിശകലനം ചെയ്യുമെന്നും, ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്തിയ ശേഷം, നാലാം ഘട്ട ഇളവുകളുടെ രണ്ടാം ഭാഗം സെപ്റ്റംബർ മൂന്നാമത്തെ ആഴ്ചയുടെ തുടക്കം മുതൽ നടപ്പിലാക്കുന്നതാണെന്നും കമ്മിറ്റി ഓഗസ്റ്റ് മാസം അവസാനത്തിൽ അറിയിച്ചിരുന്നു.