എമിറേറ്റിലെ തങ്ങളുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന രോഗികൾക്കും, സന്ദർശകർക്കും അൽ ഹോസ്ൻ (Al Hosn) ആപ്പിലൂടെയുള്ള ഗ്രീൻ പാസ് നിർബന്ധമാക്കുന്നതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. 2021 സെപ്റ്റംബർ 7, ചൊവ്വാഴ്ച്ച മുതൽ ഈ നിബന്ധന പ്രാബല്യത്തിൽ വരുന്നതാണ്.
സെപ്റ്റംബർ 5-ന് വൈകീട്ടാണ് SEHA ഇത് സംബന്ധിച്ചുള്ള അറിയിപ്പ് നൽകിയത്. SEHA-യുടെ കീഴിലുള്ള പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്ന പതിനാറ് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഈ നിബന്ധന ബാധകമാണ്. അടിയന്തിര സാഹചര്യങ്ങളിലെത്തുന്നവർക്കും, അത്യാഹിതവിഭാഗങ്ങളിലെ സേവനങ്ങൾക്കെത്തുന്നവർക്കും, SEHA-യുടെ COVID-19 ഡ്രൈവ്-ത്രൂ കേന്ദ്രങ്ങളിലെത്തുന്നവർക്കും മാത്രമാണ് ഈ തീരുമാനത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഈ അറിയിപ്പ് പ്രകാരം, 2021 സെപ്റ്റംബർ 7 മുതൽ താഴെ പറയുന്ന പൊതു ആരോഗ്യ പരിചരണ കേന്ദ്രങ്ങളിലെത്തുന്നവർക്ക് അൽ ഹോസ്ൻ ഗ്രീൻ പാസ് നിർബന്ധമാണ്:
- SEHA ഹെൽത്ത് സെന്ററുകൾ.
- SEHA ഹോസ്പിറ്റലുകളിലെ ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ.
- SEHA ഹോസ്പിറ്റലുകളിലെ ഇൻപേഷ്യന്റ് സന്ദർശനങ്ങൾ.
- SEHA വാക്സിനേഷൻ കേന്ദ്രങ്ങൾ.
അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ കമ്മിറ്റിയുടെ ഏറ്റവും പുതിയ നിർദ്ദേശത്തെ തുടർന്നാണ് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് ഉപയോഗിക്കുന്നത്. വാക്സിനേഷൻ, സജീവമായ സമ്പർക്കപട്ടിക തയ്യാറാക്കൽ, മറ്റ് നടപടികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കോവിഡ് -19 നെ നേരിടാനുള്ള എമിറേറ്റിന്റെ നയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്.
COVID-19 ട്രേസിങ്ങ് ആപ്പ് ആയ അൽ ഹൊസൻ (AlHosn) ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. അബുദാബിയിലെ പൊതുഇടങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയവർക്കും, വാക്സിനെടുക്കുന്നതിൽ ഔദ്യോഗികമായി ഇളവ് ലഭിച്ചവർക്കും മാത്രമാക്കി പരിമിതപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ വ്യക്തികൾക്ക് തങ്ങൾ വാക്സിനെടുത്തതായി തെളിയിക്കുന്നതിന് Alhosn ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് നിർബന്ധമാണ്.
WAM