അബുദാബി: റബ്ദാൻ മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രം ആരംഭിച്ചതായി SEHA

featured UAE

എമിറേറ്റിലെ റബ്ദാൻ മേഖലയിൽ പുതിയ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ നൽകുന്ന കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. ഈ കേന്ദ്രത്തിൽ വാഹനങ്ങളിൽ ഇരുന്ന് കൊണ്ട് COVID-19 ടെസ്റ്റിംഗ്, വാക്സിനേഷൻ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

ഈ കേന്ദ്രത്തിലേക്ക് വാഹനങ്ങളിലെത്തുന്നവർക്കായി COVID-19 വാക്സിനേഷനായി രണ്ട് വരികളും, COVID-19 പരിശോധനകൾക്കായി 4 വരികളുമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. റബ്ദാനിലെ കേന്ദ്രത്തിൽ നിന്ന് ദിനംപ്രതി 200 പേർക്ക് വാക്സിനേഷൻ സേവനങ്ങളും, 1000 പേർക്ക് COVID-19 ടെസ്റ്റിംഗ് സേവനങ്ങളും നൽകാനാകുമെന്ന് SEHA അറിയിച്ചു.

റബ്ദാനിലെ COVID-19 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ്, വാക്സിനേഷൻ കേന്ദ്രത്തിന്റെ പ്രവർത്തന സമയം:

  • ശനി മുതൽ വ്യാഴം വരെ – രാവിലെ 8 മുതൽ രാത്രി 8 വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 10 മുതൽ രാത്രി 8 വരെ.

നേരത്തെ SEHA ആരംഭിച്ച മറ്റ് ഡ്രൈവ്-ത്രൂ കേന്ദ്രങ്ങൾക്ക് സമാനമായി ഈ കേന്ദ്രവും ഷിപ്പിംഗ് കണ്ടെയിനറുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇതോടെ, റബ്ദാനിലെ കേന്ദ്രമടക്കം SEHA-യുടെ കീഴിൽ അബുദാബിയിൽ പ്രവർത്തിക്കുന്ന ഡ്രൈവ്-ത്രൂ സേവനകേന്ദ്രങ്ങളുടെ എണ്ണം ഏഴ് ആയിട്ടുണ്ട്.

അബുദാബിയിൽ സായിദ് സ്പോർട്സ് സിറ്റി, അൽ മദിന, അൽ ബഹിയ, അൽ ഷംഖ, അൽ വത്ബ, റബ്ദാൻ, അൽ മൻഹാൽ എന്നിവിടങ്ങളിലാണ് SEHA ഡ്രൈവ്-ത്രൂ COVID-19 സേവനങ്ങൾ നൽകുന്നത്. SEHA-യുടെ ആപ്പ് ഉപയോഗിച്ച് കൊണ്ട് ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള സേവനങ്ങൾ ബുക്ക് ചെയ്യാവുന്നതാണ്.