അബുദാബി: SEHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ വാരാന്ത്യങ്ങളിൽ പ്രവർത്തിക്കില്ല

featured UAE

അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ യു എ ഇയിലുടനീളം ആരംഭിച്ചിട്ടുള്ള മുഴുവൻ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളും വാരാന്ത്യങ്ങളിൽ പ്രവർത്തിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി. 2021 ഫെബ്രുവരി 17-ന് രാത്രി അബുദാബി മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.

പുതുക്കിയ വാക്സിനേഷൻ സമയപ്പട്ടിക പ്രകാരം SEHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് ഞായർ മുതൽ വ്യാഴം വരെ മാത്രമാണ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്. ഇത്തരം കേന്ദ്രങ്ങളിൽ വാക്സിനേഷനായി വാരാന്ത്യങ്ങളിലേക്ക് മുൻ‌കൂർ അനുമതി നേടിയിട്ടുള്ളവർക്ക് ഞായർ മുതൽ വ്യാഴം വരെയുള്ള മറ്റു പ്രവർത്തന ദിവസങ്ങളിൽ വാക്സിൻ നൽകുന്നതാണ്.

കഴിഞ്ഞ വാരാന്ത്യത്തിൽ SEHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് അധികൃതർ ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്.

അബുദാബിയിലെ വിവിധ പൊതു ക്ലിനിക്കുകളിൽ നിന്നും, ഹോസ്പിറ്റലികളിൽ നിന്നും SEHA-യുടെ നേതൃത്വത്തിൽ വാക്സിൻ നൽകുന്നുണ്ട്. ഇതിന് പുറമെ അബുദാബി ക്രൂയിസ് ടെർമിനൽ, അൽ ഐൻ കൺവെൻഷൻ സെന്റർ, അൽ ദഫ്‌റയിലെ മദീനത്ത് സായിദ് വെഡിങ്ങ് ഹാൾ, ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ് എന്നിവിടങ്ങളിൽ SEHA-യുടെ കീഴിൽ പ്രത്യേക COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്.