ജാസിം ബിൻ ഹമദ് സ്ട്രീറ്റിലെ 800 മീറ്ററോളം നീളമുള്ള സർവീസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. 2022 ജൂൺ 19-നാണ് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഇതിന്റെ ഭാഗമായി കാൽനടക്കാർക്കായുള്ള 1.5 കിലോമീറ്റർ നീളമുള്ള പ്രത്യേക പാത, പുതിയ ലൈറ്റ് സംവിധാനങ്ങൾ, ജലനിര്‍ഗ്ഗമന സംവിധാനം, ദിശാസൂചികകൾ എന്നിവ ഒരുക്കിയതായും പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. ഇതോടൊപ്പം 91 പാർക്കിംഗ് ബേകളും നിർമ്മിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ പാർപ്പിട മേഖലകളിലേക്കും, വാണിജ്യ കേന്ദ്രങ്ങളിലേക്കും, ആരോഗ്യ പരിചരണകേന്ദ്രങ്ങളിലേക്കും സഞ്ചരിക്കുന്നതിന് ഈ സർവീസ് റോഡ് ഏറെ സഹായകമാണ്.
ഖലീഫ സ്ട്രീറ്റ്, ഒമർ ബിൻ അൽ ഖത്താബ് സ്ട്രീറ്റ്, അൽ ജസീറ അൽ അറേബ്യ സ്ട്രീറ്റ് മുതലായ പ്രധാന പാതകളുമായി ബന്ധപ്പെട്ട് നിൽക്കുന്ന ജാസിം ബിൻ ഹമദ് സ്ട്രീറ്റിൽ ഇത്തരത്തിലുള്ള ഒരു സർവീസ് റോഡ് വളരെ പ്രധാനമാണെന്ന് പ്രോജക്റ്റ് എൻജിനീയർ മുനീറ അൽ മൊഹനാദി ചൂണ്ടിക്കാട്ടി. വളരെ തിരക്കേറിയ ജാസിം ബിൻ ഹമദ് സ്ട്രീറ്റിലെ ഈ സർവീസ് റോഡ് ട്രാഫിക് സുരക്ഷ ഉറപ്പ് വരുത്തുന്നതിനും, ഗതാഗതം സുഗമമാക്കുന്നതിനും, പ്രധാനപാതകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സഹായകമാണെന്ന് അവർ കൂട്ടിച്ചേർത്തു.