ഷാർജ ആർട്ട് ഫൌണ്ടേഷൻ ജൂൺ 26 മുതൽ ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കും

UAE

ജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു. ഫൗണ്ടേഷന്റെ കീഴിലുള്ള വേദികൾ തുറന്ന് കൊടുക്കുന്നതിന്റെ ആദ്യ ഘട്ടം എന്ന നിലയിൽ, വെള്ളിയാഴ്ച്ച മുതൽ റെയിൻ റൂം ഷാർജ, ‘ആർട്ട് ഇൻ ദി ഏജ് ഓഫ് ആങ്ങ്സൈറ്റി’ എന്ന എക്സിബിഷന്റെ ഗാലറികൾ എന്നിവയാണ് പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അവസരമൊരുങ്ങുന്നത്. ഓൺലൈനിലൂടെ മുൻ‌കൂർ ബുക്കിംഗ് നടത്തുന്ന സന്ദർശകർക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ എന്ന് ഫൗണ്ടേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സന്ദർശകരുടെയും, ജീവനക്കാരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയ്ക്കാണ് പ്രഥമപരിഗണന എന്നും, ഇത് മുൻനിർത്തിയുള്ള മുൻകരുതലുകൾ വേദികളിൽ ഒരുക്കിയതായും ഫൗണ്ടേഷൻ അറിയിച്ചു. യു എ ഇ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് വേദികളിൽ പ്രവേശനം അനുവദിക്കുക എന്നും, അണുനശീകരണം, തെർമൽ സ്കാനിങ്ങ് മുതലായ സുരക്ഷാ നടപടികൾ ഏർപെടുത്തിയതായും ഫൗണ്ടേഷൻ കൂട്ടിച്ചേർത്തു.

‘ആർട്ട് ഇൻ ദി ഏജ് ഓഫ് ആങ്ങ്സൈറ്റി’ എന്ന എക്സിബിഷൻ ഇന്റർനെറ്റ് യുഗത്തിലെ സൃഷ്ടിപരമായ കഴിവുകളിലേക്ക് വെളിച്ചം വീശുന്ന പ്രദർശനമാണ്. ആഗോളതലത്തിലെ മുപ്പതോളം സമകാലിക കലാകാരന്മാരും, അവരുടെ സൃഷ്ടികളും ദൈനംദിന ജീവിതത്തിൽ നാം ഉപയോഗിക്കുന്ന സാങ്കേതികവിദ്യകളും, ഡിജിറ്റൽ ഉപകരണങ്ങളും നമ്മുടെ പൊതുവായ ചിന്താധാരയെ എങ്ങിനെ സ്വാധീനിച്ചെന്ന് വിശകലനം ചെയ്യുന്നു ഈ പ്രദർശനം. മുൻ‌കൂർ ബുക്ക് ചെയ്യുന്ന സന്ദർശകർക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും, സമൂഹ അകലം ഉറപ്പാക്കാൻ തിരക്ക് നിയന്ത്രിക്കുന്നതിനായി ഒരേ സമയം വളരെ കുറച്ച്പേർക്ക് മാത്രമാണ് പ്രവേശനം നൽകുക എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഓരോ സന്ദർശകനും പരമാവധി 45 മിനിറ്റാണ് ഈ പ്രദർശന വേദികളിൽ അനുവദിക്കുക.

റെയിൻ റൂം ഷാർജ എന്ന സ്ഥിരം ഇൻസ്റ്റലേഷൻ സന്ദർശകർക്ക് മഴപെയ്യുന്ന ഒരു മുറിയിലൂടെ നനയാതെ നടക്കുന്നതിനുള്ള അവസരം നൽകുന്നു. ഈ പ്രദർശനത്തിലേക്കുള്ള ഓരോ ബുക്കിങ്ങും അഞ്ച് പേർക്കായി പരിമിതപ്പെടുത്തിയിട്ടുണ്ട്. രാവിലെ 9 മുതൽ രാത്രി 9 വരെയാണ് (ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ) ഇരു പ്രദർശനങ്ങളിലേക്കും പ്രവേശനം അനുവദിക്കുക. വെള്ളിയാഴ്ച്ചകളിൽ വൈകീട്ട് 4 മുതൽ രാത്രി 9 വരെയാണ് സന്ദർശനം അനുവദിച്ചിട്ടുള്ളത്. 60 വയസ്സിനു മുകളിലും, 12 വയസ്സിനു താഴെയും പ്രായമുള്ളവർക്ക് പ്രവേശനം അനുവദിക്കില്ല.