മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ‘എക്സ്പോ ഇലക്ട്രോണിക്സ് എക്സിബിഷൻ’ എന്ന പ്രദർശനം ഷാർജയിലെ എക്സ്പോ സെന്ററിൽ ആരംഭിച്ചു. കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ച ശേഷം ഷാർജ എക്സ്പോ സെന്ററിൽ സംഘടിപ്പിക്കുന്ന ആദ്യത്തെ പ്രദർശനമാണിത്.
ആഗോള തലത്തിലുള്ള പ്രമുഖ ഇലക്ട്രോണിക്സ് ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഉൾപ്പടെ, നിരവധി ഉത്പന്നങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കുന്ന വിപുലമായ പ്രദർശനമാണിത്. നിലവിലുള്ള ഉപഭോക്താക്കളുമായി ബന്ധം പുതുക്കുന്നതിനും, പുതിയ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും ഈ പ്രദർശനം ഇതിൽ പങ്കെടുക്കുന്നവർക്ക് അവസരമൊരുക്കുന്നതായി എക്സ്പോ സെന്റർ അഭിപ്രായപ്പെട്ടു. തങ്ങളുടെ അടുക്കളകളിൽ ഉൾപ്പടെ, വീടുകളിൽ ആവശ്യമുള്ള ഏറ്റവും പുതിയ ശ്രേണിയിലുള്ള ഉത്പന്നങ്ങൾ വൻവിലക്കുറവിൽ കരസ്ഥമാക്കുന്നതിന് കുടുംബങ്ങൾക്ക് ‘എക്സ്പോ ഇലക്ട്രോണിക്സ് എക്സിബിഷൻ’ അവസരം നൽകുന്നതായും അവർ കൂട്ടിച്ചേർത്തു.
ഷാർജയിലെ പ്രദർശന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഇത്തരം ഒരു പ്രദർശനം സംഘടിപ്പിക്കാനുള്ള എക്സ്പോ സെന്ററിന്റെ തീരുമാനം. മേളയിൽ പങ്കെടുക്കുന്നവർക്കും, സന്ദർശകർക്കും ഏറ്റവും മികച്ച COVID-19 സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതലുകളോടും കൂടിയാണ് പ്രദർശനം നടത്തുന്നതെന്നും എക്സ്പോ സെന്റർ അറിയിച്ചു.