ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2020 ആരംഭിച്ചു

UAE

മുപ്പത്തൊമ്പതാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (SIBF2020) ഷാർജ എക്സ്പോ സെന്ററിൽ നവംബർ 4, ബുധനാഴ്ച്ച തുടക്കമായി. സാംസ്‌കാരിക നായകരും, നയതന്ത്ര പ്രതിനിധികളും ഉൾപ്പടെ നിരവധി സന്ദർശകർ മേളയുടെ ഉദ്ഘാടന നിമിഷങ്ങൾക്ക് സാക്ഷികളായി. നവംബർ 4 മുതൽ 14 വരെയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്.

‘ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു’ എന്ന പ്രമേയത്തിൽ നടത്തുന്ന SIBF2020 ഷാർജ ബുക്ക് അതോറിറ്റിയാണ് (SBA) സംഘടിപ്പിക്കുന്നത്. 73 രാജ്യങ്ങളിൽ നിന്നുള്ള 1024 പ്രസാധകർ പുറത്തിറക്കുന്ന വ്യത്യസ്ത ഭാഷകളിലുള്ള ഏതാണ്ട് ഒരു ദശലക്ഷം പുസ്തകങ്ങളാണ് മേളയിൽ സാഹിത്യപ്രേമികളെ കാത്തിരിക്കുന്നത്.

COVID-19 പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ മുൻകരുതൽ നടപടികളും പൂർത്തിയാക്കിയതായി SBA ചെയർമാൻ അഹ്‌മദ്‌ ബിൻ രക്കാദ് അൽ അമേരി വ്യക്തമാക്കി. ലോക നിലവാരത്തിലുളള സുരക്ഷാ നടപടികളോടെയാണ് മേള സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിലെത്തുന്ന സന്ദർശകരോട് അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.

https://registration.sibf.com/ എന്ന വിലാസത്തിലൂടെ, പൊതുജനങ്ങൾക്ക് മേളയിലേക്ക് പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രവേശിക്കുന്നതിനുള്ള സമയം ബുക്ക് ചെയ്യാവുന്നതാണ്. സന്ദർശകർക്ക് ദിനവും താഴെ പറയുന്ന മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള നാല് വ്യത്യസ്ത സമയക്രമങ്ങൾ സന്ദർശനത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.

  • രാവിലെ – 10 am മുതൽ 1 pm വരെ.
  • ഉച്ചയ്ക്ക് – 1pm മുതൽ 4 pm.
  • വൈകീട്ട് – 4 pm മുതൽ 7 pm.
  • രാത്രി – 7 pm മുതൽ 10 pm.

രജിസ്റ്റർ ചെയ്‌തിട്ടുള്ള സന്ദർശകർക്ക് തിരഞ്ഞെടുത്തിട്ടുള്ള സമയക്രമം അനുസരിച്ച് വ്യത്യസ്ത നിറത്തിലുള്ള കൈകളിൽ ധരിക്കുന്ന ബാൻഡുകൾ നൽകുന്നതാണ്. മേള നടക്കുന്ന മുഴുവൻ ഇടങ്ങളിലും ദിനം മുഴുവൻ ശുചീകരണ നടപടികളും, അണുനശീകരണ പ്രവർത്തനങ്ങളും നടത്തുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളിലും, സംവാദങ്ങളിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് https://sharjahreads.com/ എന്ന വിലാസത്തിലൂടെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താവുന്നതാണ്.

Cover Image: @SharjahBookAuth