ഷാർജയിലെ അൽ സജാ ഇൻഡസ്ട്രിയൽ ഏരിയയിൽ തൊഴിലാളികൾക്ക് വിശ്രമിക്കുന്നതിനായുള്ള ഒരു പുതിയ പാർക്ക് പ്രവർത്തനമാരംഭിച്ചതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. എമിറേറ്റിലെ പൊതുസമൂഹത്തിലെ മുഴുവൻ അംഗങ്ങൾക്കും മികച്ച സൗകര്യങ്ങൾ നൽകുന്നത് ലക്ഷ്യമിട്ടുള്ള നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഷാർജ ഭരണാധികാരിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഷാർജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വർക്സ് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. ഷാർജ ലേബർ സ്റ്റാൻഡേർഡ്‌സ് ഡെവലപ്മെന്റ് അതോറിറ്റിയുമായി സംയുക്തമായാണ് ഈ പാർക്ക് തയ്യാറാക്കിയിരിക്കുന്നത്.
അൽ സജാ ഇൻഡസ്ട്രിയൽ മേഖലയിലെ ഒരു ലക്ഷത്തോളം തൊഴിലാളികൾക്ക് ഈ പാർക്ക് ഉപകരിക്കുമെന്ന് ഷാർജ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് വർക്സ് കൗൺസിൽ അംഗം അലി ബിൻ ഷഹീൻ അൽ സുവൈദി വ്യക്തമാക്കി. ഷാർജയിലെ ഏതാണ്ട് 70 ശതമാനത്തോളം തൊഴിലാളികളും അൽ സജാ ഇൻഡസ്ട്രിയൽ മേഖലയിലാണ് തൊഴിലെടുക്കുന്നത്.
പതിനയ്യായിരം സ്‌ക്വയർ മീറ്റർ വിസ്തീർണ്ണമുള്ള ഈ പാർക്കിൽ രണ്ട് ക്രിക്കറ്റ് പിച്ചുകൾ, നടക്കാനുള്ള പാതകൾ, വിവിധ കായികയിനങ്ങൾക്കായുള്ള രണ്ട് മൈതാനങ്ങൾ, പുൽമൈതാനം തുടങ്ങിയ സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിന് പുറമെ പള്ളി, കഫേ മറ്റു അനുബന്ധസേവനങ്ങൾ എന്നിവയും ഇവിടെ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
WAM