COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000 ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ്

UAE

എമിറേറ്റിലെ വിവിധ മേഖലകളിലെ തൊഴിലാളികളുടെ താമസയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ ഇതുവരെ COVID-19 പ്രതിരോധ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട് 21000-ത്തിൽ പരം ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പോലീസ് അറിയിച്ചു. തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ സംബന്ധിച്ച പരിശോധനകൾ നടത്തുന്ന ഷാർജ പൊലീസിലെ പ്രത്യേക കമ്മിറ്റിയാണ് ഈ പരിശോധനാ പരിപാടികൾ നടപ്പിലാക്കിയത്.

മെയ് 20 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിൽ 21959 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഷാർജ പൊലീസിലെ ഡയറക്ടർ ജനറലും, എമിറേറ്റിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ ബ്രിഗേഡിയർ ഡോ. അഹ്‌മദ്‌ സയീദ് അൽ നൗർ വക്തമാക്കി. ഇതിൽ 6959 ലംഘനങ്ങൾ ഷാർജയിലെ വ്യാവസായിക മേഖലകളിലാണ് രേഖപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസ് സംബന്ധമായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി എമിറേറ്റിലുടനീളം പോലീസ് അധികൃതർ, പരിശോധനാ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിച്ചതായും, രോഗ പ്രതിരോധ നടപടികളെക്കുറിച്ചുള്ള, വിവിധ ഭാഷകളിൽ തയ്യാറാക്കിയ ഏതാണ്ട് ഒന്നേ മുക്കാൽ ലക്ഷത്തോളം ലഘുലേഖകൾ തൊഴിലാളികളുടെ ഇടയിൽ വിതരണം ചെയ്‌തതായും അദ്ദേഹം അറിയിച്ചു. സമൂഹത്തിലെ മുഴുവൻ ജനങ്ങളോടും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, തങ്ങളുടെ ശ്രദ്ധയിൽ പെടുന്ന നിയമ ലംഘനങ്ങൾ അധികൃതരെ അറിയിക്കാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.