യു എ ഇ റെസിഡൻസി സ്റ്റാറ്റസ് നിലനിർത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന തെറ്റായ വർത്തകളെക്കുറിച്ച് ഷാർജ പോലീസ് ജനറൽ കമാൻഡ് മുന്നറിയിപ്പ് നൽകി. യു എ ഇ റെസിഡൻസി നിയമങ്ങൾ ലംഘിച്ചിട്ടുള്ള വ്യക്തികൾക്ക്, ഷാർജയിലെ ഒരു സർവീസ് കേന്ദ്രത്തിൽ നിന്ന്, ഒരു നിശ്ചിത ഫീസ് അടച്ച് കൊണ്ട്, തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസ് ക്രമപ്പെടുത്തുന്നതിന് സാധിക്കുമെന്നുള്ള തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിൽ ഉയർന്ന സാഹചര്യത്തിലാണ് ഷാർജ പോലീസ് ഈ അറിയിപ്പ് നൽകിയത്.
ഇത്തരം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ഈ വാർത്ത പങ്ക് വെക്കരുതെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രചാരണത്തിന് പിന്നിലെ വ്യക്തികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഷാർജ പോലീസ് അറിയിച്ചു. എമിറേറ്റിൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ജുഡീഷ്യൽ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി.
രാജ്യത്ത് വ്യാജവാർത്തകളും, കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ കൈക്കൊള്ളുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.