ആള്‍ത്തിരക്കുണ്ടാകാനിടയുള്ള പുതുവർഷ പാർട്ടികൾ സംഘടിപ്പിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഷാർജ പോലീസ്

UAE

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി ആളുകൾ വലിയ രീതിയിൽ ഒത്തുചേരുന്നതിനിടയാക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കും, ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർക്കും ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി. തിരക്കേറിയ പുതുവർഷ പാർട്ടികൾ എമിറേറ്റിൽ നിരോധിച്ചിട്ടുള്ളതായി വ്യക്തമാക്കിയ പോലീസ്, ഇത്തരം നിയമലംഘനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.

ഒത്തുചേരലുകൾ പൂർണ്ണമായും COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കണമെന്നും, അതിഥികൾ തമ്മിൽ ചുരുങ്ങിയത് 4 മീറ്റർ എങ്കിലും അകലം ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പുതുവത്സരാഘോഷ വേളയിൽ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി തയ്യാറെടുപ്പുകളാണ് ഷാർജ പോലീസ് കൈകൊണ്ടിട്ടുള്ളത്.

ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവർ സമൂഹ അകലത്തിന് പുറമെ, മാസ്കുകളുടെ ഉപയോഗവും നിർബന്ധമായി പാലിക്കേണ്ടതാണെന്നും ഷാർജ പോലീസ് വ്യക്തമാക്കി. കൈകളുടെ ശുചിത്വം, സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവയും മറക്കാതെ നടപ്പിലാക്കാൻ അധികൃതർ ആവശ്യപ്പെട്ടു. പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളുള്ളവർ മുതലായവരോട് ഇത്തരം ചടങ്ങുകളിൽ നിന്ന് വിട്ടു നിൽക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമം ലംഘിച്ച് പിടിക്കപെടുന്നവരിൽ നിന്നും പിഴതുകകൾ അതേ അവസരത്തിൽ തന്നെ ഈടാക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പുതുവർഷാഘോഷങ്ങളുടെ ഭാഗമായി മറ്റു എമിറേറ്റുകളിലും സമാനമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. ദുബായിൽ നിയമം ലംഘിച്ച് ഒത്തുചേരലുകൾ സംഘടിപ്പിക്കുന്നവർക്ക് 50000 ദിർഹവും, ഒത്തുചേരലുകളിൽ പങ്കെടുക്കുന്നവർക്ക് 15000 ദിർഹവുമാണ് പിഴ ഈടാക്കുന്നത്. അബുദാബിയിൽ വീടുകളിലോ, മറ്റു ഇടങ്ങളിലോ സ്വകാര്യ പുതുവത്സര പാർട്ടികൾ നിരോധിച്ചിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾക്ക് എമിറേറ്റിൽ 10000 ദിർഹം പിഴ ചുമത്തുന്നതാണ്.