എമിറേറ്റിലെ വിവാഹ ഹാളുകൾ, പൊതു ചടങ്ങുകൾ നടത്തുന്ന ഹാളുകൾ മുതലായവ തുറന്ന് കൊടുത്തതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു. കർശനമായ COVID-19 പ്രതിരോധ മുൻകരുതൽ നിർദ്ദേശങ്ങളോടെയാണ് ഇത്തരം പൊതു ചടങ്ങുകൾ സംഘടിപ്പിക്കുന്ന വേദികൾ തുറക്കാൻ SEDD അനുമതി നൽകിയിട്ടുള്ളത്.
ഷാർജയിലെ വാണിജ്യ, സാമൂഹിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം വേദികൾ തുറന്ന് കൊടുക്കുന്നത്. പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നവംബർ 1 മുതൽ ഒഴിവാക്കുന്നതായി അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
സമൂഹ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇത്തരം ഇടങ്ങളിൽ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും SEDD അറിയിച്ചിട്ടുണ്ട്. മാസ്കുകളുടെയും കയ്യുറകളുടെയും ഉപയോഗം, 2 മീറ്ററെങ്കിലും സാമൂഹിക അകലം മുതലായ നിർദ്ദേശങ്ങൾ ഇത്തരം വേദികളിൽ നിർബന്ധമാണ്. പരമാവധി ശേഷിയുടെ 50 ശതമാനം പേർക്ക് മാത്രമായിരിക്കും ഇത്തരം ഹാളുകളിൽ പ്രവേശനം അനുവദിക്കുന്നതെന്നും SEDD അറിയിച്ചിട്ടുണ്ട്.
യു എ ഇ ആരോഗ്യ മന്ത്രാലയവും, ഷാർജയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റിയും നിർദ്ദേശിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ഇത്തരം വേദികളിലെ ജീവനക്കാർ നിർബന്ധമായും പാലിക്കേണ്ടതാണ്. കൈകളുടെ ശുചിത്വം, COVID-19 പരിശോധനകൾ എന്നിവ ജീവനക്കാർക്കിടയിൽ നിർബന്ധമാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്ന ജീവനക്കാരുടെ വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കാനുള്ള നടപടികളും ഇത്തരം വേദികളിൽ ഉറപ്പാക്കേണ്ടതാണ്.
രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്ക് പ്രവേശനം അനുവദിക്കരുതെന്നും, ഇത്തരം വേദികളിലെത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും SEDD അറിയിച്ചിട്ടുണ്ട്. ഓരോ ചടങ്ങുകൾക്ക് ശേഷവും ഇത്തരം ഹാളുകൾ പൂർണ്ണമായും അണുവിമുക്തമാക്കേണ്ടതാണ്.
Photo: WAM