ഷാർജ സഫാരി: പുതിയ സീസൺ 2022 സെപ്റ്റംബർ 21 മുതൽ

UAE

ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരിയുടെ പുതിയ സീസൺ 2022 സെപ്റ്റംബർ 21 മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 2022 സെപ്റ്റംബർ 17-നാണ് ഷാർജ സഫാരി ഇക്കാര്യം അറിയിച്ചത്.

വേനൽക്കാലത്ത് പ്രവർത്തനങ്ങൾക്ക് താത്കാലിക ഇടവേള നൽകിയ ശേഷമാണ് ഷാർജ സഫാരി പുതിയ സീസണിനായി തുറക്കുന്നത്.

അൽ ധൈദിലെ അൽ ബ്രിദി റിസേർവിലാണ് എട്ട് സ്‌ക്വയർ കിലോമീറ്ററോളം വിസ്തൃതിയുള്ള ഷാർജ സഫാരി ഒരുക്കിയിരിക്കുന്നത്. നൂറ്റിയിരുപതിൽ പരം ഇനങ്ങളിലായി അമ്പതിനായിരത്തിൽ പരം വന്യജീവികൾ, ആഫ്രിക്കയിൽ കണ്ട് വരുന്ന ഒരു ലക്ഷത്തോളം മരങ്ങൾ എന്നിവ ഷാർജ സഫാരിയുടെ ആകർഷണങ്ങളാണ്. സന്ദർശകർക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകളിൽ കണ്ടറിയുന്നതിന് ഷാർജ സഫാരി അവസരമൊരുക്കുന്നു.

ഷാർജ സഫാരിയിൽ പന്ത്രണ്ട് വ്യത്യസ്ഥ പരിസ്ഥിതി മേഖലകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കയുടെ വിവിധ മേഖലകളിലെ ജന്തുജാലങ്ങൾ, പക്ഷികൾ, മരങ്ങൾ, ഭൂപ്രദേശങ്ങളുടെ ഘടന തുടങ്ങിയവ ഈ വ്യത്യസ്ഥ പരിസ്ഥിതി മേഖലകളിൽ ദർശിക്കാവുന്നതാണ്.

2022 ഫെബ്രുവരി 17-നാണ് ഷാർജ ഭരണാധികാരി H.H. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഈ സഫാരി പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്.