എമിറേറ്റിലെ മുഴുവൻ സ്വകാര്യ വിദ്യാലയങ്ങളിലും 2021 ഒക്ടോബർ 31 മുതൽ എല്ലാ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം നടപ്പിലാക്കുമെന്ന് ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം അറിയിച്ചു. ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിയുമായി ചേർന്ന് അധികൃതർ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ നിലവിൽ പടിപടിയായി നേരിട്ടുള്ള അധ്യയനം നടപ്പിലാക്കി വരികയാണ്.
ഒക്ടോബർ 31-ഓടെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിൽ ഇത് നടപ്പിലാക്കുന്നതാണ്. ഇതിനായുള്ള മുൻകരുതൽ നടപടികൾ വിദ്യാലയങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ആരോഗ്യ കാരണങ്ങളാൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ള വിദ്യാർത്ഥികൾക്കും, സ്‌കൂൾ ജീവനക്കാർക്കും ഈ തീരുമാനത്തിൽ ഇളവ് അനുവദിക്കുന്നതാണ്. ഷാർജ പോലീസ് കമാണ്ടർ ഇൻ ചീഫും, ഷാർജ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് വിഭാഗം തലവനുമായ മേജർ ജനറൽ സൈഫ് അൽ സിരി അൽ ഷംസിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.