ഷാർജ: പുതിയ അധ്യയന വർഷത്തിൽ സാധാരണ രീതിയിലുള്ള പഠനം ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി SPEA

UAE

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ, സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പുതിയ അധ്യയന വർഷത്തിൽ, വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന രീതിയിലുള്ള പഠനം പുനരാരംഭിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. അടുത്ത അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ഏത് രീതിയിൽ വേണമെന്നതിനെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നുള്ള അഭിപ്രായങ്ങൾ തങ്ങളുമായി പങ്ക് വെക്കുന്നതിനും SPEA ആഹ്വാനം ചെയ്തിട്ടുണ്ട്.

“വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ സാധാരണ രീതിയിലേക്ക് മടക്കികൊണ്ടുവരുന്നതിന്റെ സാധ്യതകൾ ഞങ്ങൾ പഠിച്ച് വരികയാണ്. രക്ഷിതാക്കൾക്ക് ഇത് സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെക്കാവുന്നതാണ്.”, ജൂൺ 13-ന് പുറത്തിറക്കിയ അറിയിപ്പിൽ SPEA വ്യക്തമാക്കുന്നു. രക്ഷിതാക്കളുടെ അഭിപ്രായമറിയുന്നതിനായി കഴിഞ്ഞ ആഴ്ച്ച SPEA ഒരു സർവേ ആരംഭിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച് SPEA ട്വിറ്ററിൽ നടത്തിയ അഭിപ്രായവോട്ടെടുപ്പിൽ 59 ശതമാനത്തോളം പേർ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന പഠനസമ്പ്രദായത്തെ പിന്തുണച്ചപ്പോൾ, 31 ശതമാനം പേർ വിദൂരപഠന രീതിയെ പിന്തുണച്ചു. 9 ശതമാനം പേർ സമ്മിശ്രപഠനരീതിയെ പിന്തുണച്ചു.