എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു. ഏപ്രിൽ 5-നാണ് SPEA ഇക്കാര്യം അറിയിച്ചത്.
മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ പാഠ്യപദ്ധതിയല്ലാതെ, മറ്റു പാഠ്യപദ്ധതികൾ പിന്തുടരുന്ന ഷാർജയിലെ സ്വകാര്യ വിദ്യാലയങ്ങളിലാണ് ഏപ്രിൽ 11 മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ട് അധ്യയനം നൽകുന്നതിനായി തീരുമാനിച്ചിട്ടുള്ളത്. മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ പാഠ്യപദ്ധതി പിന്തുടരുന്ന എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 18 മുതലാണ് അധ്യയനം പുനരാരംഭിക്കുന്നതെന്നും SPEA അറിയിച്ചിട്ടുണ്ട്.
വിദ്യാലയങ്ങളിൽ നേരിട്ടെത്തുന്ന പഠന രീതി തിരഞ്ഞെടുത്തിട്ടുള്ള വിദ്യാർത്ഥികൾക്കാണ് വിദ്യാലയങ്ങളിലേക്ക് പ്രവേശനം നൽകുന്നത്. മറ്റു വിദ്യാർത്ഥികൾക്ക് വിദൂര പഠന രീതിയിലുള്ള അധ്യയനം തുടരുന്നതാണ്. വിദ്യാലയങ്ങളിലെത്തുന്ന പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർത്ഥികൾക്ക് 72 മണിക്കൂറിനിടയിൽ ലഭിച്ച നെഗറ്റീവ് COVID-19 റിസൾട്ട് നിർബന്ധമാണെന്നും SPEA അറിയിച്ചിട്ടുണ്ട്.