ഷാർജ: നവംബർ 1 മുതൽ സാമൂഹിക പരിപാടികൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ഒഴിവാക്കാൻ തീരുമാനം

UAE

പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നവംബർ 1, ഞായറാഴ്ച്ച മുതൽ ഒഴിവാക്കാൻ അധികൃതർ തീരുമാനിച്ചു. കർശനമായ സുരക്ഷാ മുൻകരുതലുകളോടെയാണ് സാമൂഹിക പരിപാടികൾ പുനരാരംഭിക്കുന്നതിന് അനുവാദം നൽകുന്നത്.

ഇതോടെ കൃത്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് കൊണ്ട് വിവാഹ ഹാളുകൾ, പൊതു ഹാളുകൾ, വീടുകൾ തുടങ്ങിയ ഇടങ്ങളിൽ സാമൂഹിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് നവംബർ 1 മുതൽ ഷാർജയിൽ അനുവാദം ലഭിക്കുന്നതാണ്. ഷാർജ ഭരണാധികാരിയും, ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖസ്സിമിയുടെ ഉത്തരവനുസരിച്ചാണ് ഈ തീരുമാനം.

ഷാർജയിലെ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി പുറത്തിറക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചായിരിക്കണം വിവാഹ ഹാളുകൾ, പൊതു ഹാളുകൾ, ഹോട്ടലുകൾ മുതലായ ഇടങ്ങളിൽ സാമൂഹിക ചടങ്ങുകൾ സംഘടിപ്പിക്കേണ്ടതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളിൽ നടത്തുന്ന ചടങ്ങുകൾക്ക് ഏറ്റവും അടുത്തുള്ള നഗര കൗൺസിലിൽ നിന്നുള്ള അനുവാദം തേടേണ്ടതാണ്.

ഇത്തരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ നടപ്പിലാക്കേണ്ട പൊതുവായ മുൻകരുതൽ നിബന്ധനകൾ സംബന്ധിച്ച് എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മിറ്റി പിന്നീട് പ്രത്യേക അറിയിപ്പ് പുറത്തിറക്കുന്നതാണ്. സർക്കാർ വകുപ്പുകളുടെയും, സർക്കാർ സ്ഥാപനങ്ങളുടെയും മേൽ നോട്ടത്തിൽ നടത്തുന്ന പ്രദർശനങ്ങൾ, സമ്മേളനങ്ങൾ മുതലായവ എമിറേറ്റിൽ പുനരാരംഭിക്കുന്നതിനു സെപ്റ്റംബർ ആദ്യ വാരം മുതൽ ഷാർജ അധികൃതർ അനുവാദം നൽകിയിരുന്നു.