യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനെ സ്വീകരിച്ചു. അബുദാബിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.
എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീർഘനാളത്തെ ബന്ധങ്ങളെ കൂടുതൽ ശക്തമാക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. എല്ലാ മേഖലകളിലും കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
2022-ൽ ഇരുരാജ്യങ്ങളും തമ്മിൽ ഏർപ്പെട്ടിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) പശ്ചാത്തലത്തിൽ ആരോഗ്യം, സാങ്കേതികവിദ്യ, സമ്പദ്വ്യവസ്ഥ, ഡിജിറ്റലൈസേഷൻ, വ്യാപാരം തുടങ്ങിയ മേഖലകളിൽ പ്രത്യേക ഊന്നൽ നൽകുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും പരിശോധിച്ചു. ഏറ്റവും പുതിയ പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങൾക്കുപുറമെ, പരസ്പര പരിഗണനയുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.
ഗ്രൂപ്പ് ഓഫ് ട്വന്റിയുടെ (G20) 2023-ലെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ചും, ദർശനങ്ങളെക്കുറിച്ചും ഈ കൂടിക്കാഴ്ചയിൽ ചർച്ചകൾ ഉണ്ടായി. G20 അതിഥി രാജ്യമായി സേവനം അനുഷ്ഠിക്കുന്ന യു എ ഇയുടെ പങ്കാളിത്തത്തെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. അതിഥി രാജ്യമായി യു എ ഇയെ തിരഞ്ഞെടുത്ത ഇന്ത്യയുടെ നടപടിയിൽ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ സന്തുഷ്ടി പ്രകടിപ്പിച്ചു.
ഇന്ത്യയുടെ പ്രസിഡൻസിയുടെ കീഴിൽ G20 പ്രവർത്തിക്കുന്ന കാലയളവിൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ യു എ ഇയുടെ പിന്തുണ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം ആവർത്തിച്ച് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം മുതലായ മേഖലകളിൽ ഇന്ത്യ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പ്രവർത്തനങ്ങളെ യു എ ഇ പ്രശംസിച്ചു. ഇരുരാജ്യങ്ങളുടെയും പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
2022 നവംബറിൽ ഇരുവരും ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.
WAM