അബ്ദുള്ള ബിൻ സായിദ് ന്യൂഡൽഹിയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

GCC News

യു എ ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും, ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കീഴിൽ യു എ ഇ – ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

2022 നവംബർ 22-ന് വൈകീട്ടാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022-ൽ തങ്ങളുടെ രാജ്യങ്ങൾ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (CEPA) ചട്ടക്കൂടിനുള്ളിൽ, വ്യാപാര-സാമ്പത്തിക ഉഭയകക്ഷി ബന്ധങ്ങൾ വർധിപ്പിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും, ആരോഗ്യ, സാങ്കേതിക മേഖലകളിലെ ഇരുരാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നത്തിനെക്കുറിച്ചും ഇരു മന്ത്രിമാരും കൂടികാഴ്ച്ചയിൽ ചർച്ച ചെയ്തു.

Source: WAM.

പരസ്പര ആശങ്കയുള്ള നിരവധി വിഷയങ്ങളെക്കുറിച്ചും പ്രാദേശിക, ആഗോള രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും വീക്ഷണങ്ങൾ കൈമാറി. ഗ്രൂപ്പ് ഓഫ് ട്വന്റിയുടെ (G20) 2023-ലെ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയുടെ മുൻഗണനകളെക്കുറിച്ചും, തുടർച്ചയായി രണ്ടാം വർഷവും G20 അതിഥി രാജ്യമായി സേവനം അനുഷ്ഠിക്കുന്ന യു എ ഇയുടെ പ്രവർത്തനങ്ങളിലെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും, G20 പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളിലെയും സ്വകാര്യമേഖലയെ കൂടുതൽ സജീവമായി പങ്കെടുപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

I2U2 ഗ്രൂപ്പ് (ഇന്ത്യ, ഇസ്രായേൽ, യു എ ഇ, അമേരിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ), BRICS ഗ്രൂപ്പ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മ), ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ തുടങ്ങിയ നിലവിലുള്ള ബഹുമുഖ ഗ്രൂപ്പുകളുടെയും ഓർഗനൈസേഷനുകളുടെയും പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകളെ കുറിച്ചും ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും, അവരുടെ നേതൃത്വങ്ങളും ശക്തവും ചരിത്രപരവുമായ ബന്ധങ്ങൾ പങ്കിടുന്നുവെന്നും അവരുടെ പങ്കാളിത്തം ഇരു രാജ്യങ്ങളിലും സുസ്ഥിര വികസനത്തിന് വഴിയൊരുക്കുന്ന നിരവധി നേട്ടങ്ങൾ നൽകുമെന്നും ഷെയ്ഖ് അബ്ദുല്ല പറഞ്ഞു.

Source: WAM.

യു എ ഇ – ഇന്ത്യ ഉടമ്പടിക്ക് അനുസൃതമായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണ ഇതര വ്യാപാര മൂല്യം ഏകദേശം 100 ബില്യൺ യുഎസ് ഡോളറായി ഉയർത്തുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുസ്ഥിര സാമ്പത്തിക വളർച്ചയും സമൃദ്ധിയും വർദ്ധിപ്പിക്കുന്ന പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും ലോകത്തെ മുൻനിര മാതൃക സ്ഥാപിക്കാനുള്ള നേതൃത്വത്തിന്റെ ദർശനങ്ങളുടെ ഫലമാണ് യു എ ഇ – ഇന്ത്യ ബന്ധത്തിലൂടെ നേടിയ വിവിധ വിജയങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ പ്രസിഡൻസിയുടെ കീഴിൽ G20 പ്രവർത്തിക്കുന്ന കാലയളവിൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ തങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തമാക്കുമെന്നും, ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനായി പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Source: WAM.

അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുൽ നാസർ അൽ ശാലി, വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിലെ സാമ്പത്തിക, വ്യാപാര കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സയീദ് മുബാറക് അൽ ഹജേരി, അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി അഫയേഴ്‌സ് അസിസ്റ്റന്റ് മന്ത്രി ഒമ്രാൻ അൻവർ ഷറഫ് അൽ ഹാഷിമി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

WAM