യു എ ഇ: ഇന്ത്യൻ വിദേശകാര്യ മന്ത്രി അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി

featured UAE

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ യു എ ഇ വിദേശകാര്യ മന്ത്രി H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്.

2024 ജൂൺ 23-ന് രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അബുദാബിയിലെത്തിയ ഡോ. എസ് ജയശങ്കറിനെ അബ്ദുല്ല ബിൻ സായിദ് ഔദ്യോഗികമായി സ്വീകരിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമേഖലകളിലെ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ വിദേശകാര്യ മന്ത്രിയായി വീണ്ടും ചുമതലയേറ്റ ഡോ. എസ് ജയശങ്കറിനെ അബ്ദുല്ല ബിൻ സായിദ് അഭിനന്ദിച്ചു.

സാമ്പത്തികം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, സാംസ്കാരികം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, പുനരുപയോഗിക്കാവുന്ന ഊർജ്ജം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിനും, നിലവിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുമുള്ള മാർഗങ്ങൾ ഇരുവരും വിശകലനം ചെയ്തു.