ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ വികസന പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഓഗസ്റ്റ് 7-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ പദ്ധതിയുടെ ഭാഗമായി റാസ് അൽ ഖോർ റോഡ് 8 കിലോമീറ്റർ കൂടി നീട്ടുന്നതാണ്. ദുബായ്- അൽ ഐൻ റോഡ് ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള ഭാഗമാണ് റാസ് അൽ ഖോർ റോഡിൽ ഉൾപ്പെടുത്തുന്നത്.
ഇതിന്റെ ഭാഗമായി 2 കിലോമീറ്റർ നീളമുള്ള പാലങ്ങൾ, ഇരുവശത്തുമായി രണ്ട് വരി സർവീസ് റോഡ് എന്നിവയുടെ നിർമ്മാണം ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇരുവശത്തേക്കും മൂന്ന് വരികളുള്ള റാസ് അൽ ഖോർ റോഡ് ഈ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ നാല് വരി റോഡായി മാറുന്നതാണ്.
റാസ് അൽ ഖോർ റോഡിലൂടെ മണിക്കൂറിൽ പതിനായിരം വാഹനങ്ങൾക്ക് യാത്ര ചെയ്യുന്നതിനുള്ള സേവനം ലഭ്യമാക്കുന്നതിനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. നിർമ്മാണം പൂർത്തിയാകുന്നതോടെ ഇതിലെയുള്ള യാത്രാ സമയം നിലവിലെ 20 മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റായി കുറയുന്നതാണ്.