2022 നവംബർ 18 മുതൽ ആരംഭിക്കാനിരിക്കുന്ന ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു. 2022 നവംബർ 4-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്. 2022 നവംബർ 18 മുതൽ ആരംഭിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023 മാർച്ച് 18 വരെ നീണ്ട് നിൽക്കും.
4,000-ലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഇതിന് പുറമെ 750 പ്രധാന പൊതു പ്രകടനങ്ങളും, പ്രവർത്തനങ്ങളും അരങ്ങേറുന്നതാണ്. 120 ദിവസം നീണ്ട് നിൽക്കുന്ന ഈ പൈതൃകോത്സവം സന്ദർശകർക്ക് മുൻപിൽ സന്തോഷത്തിന്റെയും, വിനോദത്തിന്റെയും, സംസ്കാരത്തിന്റെയും നിറക്കാഴ്ചകൾ ഒരുക്കുന്നു.
‘യു എ ഇ: നാഗരികതകളെ ഒരുമിപ്പിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ഷെയ്ഖ് സായിദ് പൈതൃകോത്സവം സംഘടിപ്പിക്കുന്നത്. യു എ ഇ ദേശീയ പൈതൃകം സംരക്ഷിക്കുക, എമിറാത്തി നാഗരികതയുടെ ആഴം ഉറപ്പിക്കുക, ഭാവി തലമുറകളിലേക്ക് അത് എത്തിക്കുക, മേഖലയിലെയും, ലോകത്തെത്തന്നെയും ഏറ്റവും മികച്ച സാംസ്‌കാരിക, വിനോദസഞ്ചാര കേന്ദ്രമാക്കി അബുദാബിയെ ഉയർത്തുക തുടങ്ങിയ പ്രധാന സന്ദേശങ്ങൾ പ്രകടിപ്പിക്കുന്നതിൽ ഫെസ്റ്റിവൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്മിറ്റി വിശദീകരിച്ചു.
യൂണിയൻ പരേഡ്, ദേശീയ ദിനാഘോഷങ്ങൾ, പുതുവത്സര ആഘോഷങ്ങൾ, കൂടാതെ ഗ്ലോബൽ പരേഡ്, അൽ വത്ബ കസ്റ്റം ഷോ, മറ്റ് പരിപാടികൾ എന്നിവ ഉൾപ്പടെ കുടുംബത്തിലെ എല്ലാവരേയും സന്തോഷിപ്പിക്കുനുതകുന്ന വിനോദ പരിപാടികളുടെയും ഷോകളുടെയും പ്രകടനങ്ങളുടെയും സമ്പന്നമായ ഒരു പട്ടിക ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം, രാജ്യത്തിൻറെ പൈതൃക തനിമ, പാരമ്പര്യം എന്നിവ എടുത്തുകാട്ടുന്നു.
സന്ദർശകർക്ക് യു എ ഇയുടെ വ്യത്യസ്തങ്ങളായ പരമ്പരാഗത രീതികളും, സംസ്കാരവും അതിന്റെ കലാരൂപങ്ങൾ, കരകൗശല വിദ്യകൾ, ഭക്ഷണം, ആചാരം മുതലായവയും അടുത്തറിയാൻ ഷെയ്ഖ് സായിദ് പൈതൃകോത്സവം സഹായിക്കുന്നു. യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്.
WAM