ഈ വർഷത്തെ പുതുവത്സരാഘോഷ വേളയിൽ അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി നാല് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു. 2024 ജനുവരി 1-നാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘാടകർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2024-നെ വരവേറ്റുകൊണ്ട് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ പിറന്ന നാല് ഗിന്നസ് റെക്കോർഡുകളിൽ മൂന്നെണ്ണം കരിമരുന്ന് പ്രദർശനവുമായി ബന്ധപ്പെട്ടും, ഒരു റെക്കോർഡ് ഡ്രോൺ ഷോയുമായി ബന്ധപ്പെട്ടുള്ളതുമാണ്.

2024 ജനുവരി 1, 12:00am-ന് നടന്ന കരിമരുന്ന് പ്രദർശനം വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് നേടിയത്.

തുടർന്ന് 2024-നെ സ്വാഗതം ചെയ്ത് കൊണ്ട് 5000 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയിൽ നടത്തിയ ഭീമാകാരമായ ഡ്രോൺ ഷോയിൽ ഡ്രോണുകൾ ഉപയോഗിച്ച് മാനത്ത് തീർത്ത ഏറ്റവും വലിയ ലോഗോ എന്ന ഗിന്നസ് റെക്കോർഡ് പിറന്നു.

പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ ഹെറിറ്റേജ് വില്ലേജിൽ വിവിധ കലാ, സാംസ്കാരിക പരിപാടികൾ നടന്നു.
എമിറേറ്റ്സ് ഫൗണ്ടൈൻ, ഗ്ലോയിങ്ങ് ടവേഴ്സ് ഗാർഡൻ, ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ വിവിധ പവലിയനുകൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേക ലേസർ ഷോ, സംഗീത പരിപാടികൾ എന്നിവയും അരങ്ങേറി.
Cover Image: WAM.