അബുദാബി: പുതുവത്സര വേളയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കും

featured GCC News

ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി, അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. 2023 ഡിസംബർ 22-നാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നടക്കുന്ന പുതുവത്സരാഘോഷ പരിപാടികൾ സംബന്ധിച്ച് സംഘാടകർ അറിയിപ്പ് നൽകിയത്.

പുതുവത്സര വേളയിലെ ആഘോഷ പരിപാടികളിലൂടെ ഇത്തവണ നാല് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർക്കുന്നതിനാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘാടകർ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി അറുപത് മിനിറ്റ് നീണ്ട് നിൽക്കുന്ന കരിമരുന്ന് പ്രദർശനം അരങ്ങേറുന്നതാണ്. തുടർച്ചയായി 60 മിനിറ്റ് നീണ്ട് നിൽക്കുന്ന ഈ വെടിക്കെട്ട് വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി മൂന്ന് ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് ലക്‌ഷ്യംവെക്കുന്നത്.

ഇതോടൊപ്പം 2024-നെ സ്വാഗതം ചെയ്ത് കൊണ്ട് 5000 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയിൽ നടത്തുന്ന ഭീമാകാരമായ ഒരു ഡ്രോൺ ഷോ ഉണ്ടായിരിക്കുന്നതാണ്. ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഡ്രോൺ ഷോ എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ടാണ് ഈ ഡ്രോൺ പ്രദർശനം ഒരുക്കുന്നത്.

ഇതിന് പുറമെ, പുതുവത്സര വേളയിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ എല്ലാ വർഷത്തെയും പോലെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുന്നതാണ്. ലോകോത്തര നാടോടി, വിനോദ പരിപാടികളും, പ്രകടനങ്ങളും അണിനിരത്തിക്കൊണ്ടായിരിക്കും ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദി 2024-നെ വരവേൽക്കുന്നത്.