ഈ വർഷത്തെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി അബുദാബിയിലെ അൽ വത്ബയിൽ നടക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ അതിഗംഭീരമായ കരിമരുന്ന് പ്രദർശനം ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. 2022 ഡിസംബർ 23-നാണ് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സംഘാടകർ ഇക്കാര്യം അറിയിച്ചത്.
2023-ലെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ എല്ലാ വർഷത്തെയും പോലെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളും, ആഘോഷപരിപാടികളും അരങ്ങേറുമെന്നും മേളയുടെ സംഘാടക കമ്മിറ്റി വ്യക്തമാക്കി. ലോകോത്തര നാടോടി, വിനോദ പരിപാടികളും, പ്രകടനങ്ങളും അണിനിരത്തിക്കൊണ്ടായിരിക്കും 2023-നെ വരവേൽക്കുന്നതെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
2023-ലെ പുതുവത്സരത്തിൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ ലോകത്തെ തന്നെ ഏറ്റവും വലിയ കരിമരുന്ന് പ്രദർശനം എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കാൻ ലക്ഷ്യമിട്ടുള്ള 40 മിനിറ്റ് ദൈർഘ്യമുള്ള കരിമരുന്ന് പ്രദർശനം അരങ്ങേറുന്നതാണ്. വലിപ്പത്തിലും, ദൈർഘ്യത്തിലും, ആകൃതിയിലുമായി മൂന്ന് ഗിന്നസ് റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നതിന്നാണ് ഈ കരിമരുന്ന് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഈ മൂന്ന് റെക്കോർഡുകളും കഴിഞ്ഞ വർഷത്തെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ സ്വന്തം പേരിൽ കുറിച്ചിരുന്നു.
പുതുവത്സര ആഘോഷങ്ങൾക്കായി 2022 ഡിസംബർ 31-ന് വൈകീട്ട് മൂന്ന് മണിമുതൽ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. പിറ്റേന്ന് പുലർച്ചെ രണ്ട് മണിവരെ ഈ ആഘോഷങ്ങൾ തുടരും.
2023-നെ സ്വാഗതം ചെയ്ത് കൊണ്ട് 3000 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് അൽ വത്ബയുടെ ആകാശത്ത് സഞ്ചരിക്കുന്ന രീതിയിൽ നടത്തുന്ന ഭീമാകാരമായ ഒരു ഡ്രോൺ ഷോ ഉണ്ടായിരിക്കുന്നതാണ്. 2022 ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഡ്രോൺ ഷോ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ ഏറ്റവും വലിയ ഡ്രോൺ ഷോ ആയിരുന്നു.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിലെ ഹെറിറ്റേജ് വില്ലേജിൽ വിവിധ പരിപാടികൾ അരങ്ങേറുന്നതാണ്. യു എ ഇയുടെ പൈതൃകം എടുത്ത് കാട്ടുന്നതിനായി, എമിറാത്തി നാഗരികതയുടെ വികാസം, പരിണാമം എന്നിവയ്ക്ക് അടിത്തറയൊരുക്കിയ നാല് പരിസ്ഥിതികളുടെ – കടൽ, മരുഭൂമി, മലകൾ, കൃഷി – പകർപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ള ഒരു പ്രത്യേക കലാപ്രദർശനം ഹെറിറ്റേജ് വില്ലേജിൽ ഒരുക്കുന്നതാണ്.
കുട്ടികൾക്കായി നിരവധി പ്രത്യേക പരിപാടികൾ, തിയറ്റർ ഷോകൾ, സർക്കസ് പ്രകടനങ്ങൾ, അൽ ഫോർസാൻ ഇന്റർനാഷണൽ സ്‌പോർട്‌സ് റിസോർട്ടിലെ വിനോദ പരിപാടികൾ, ഫൺഫെയർ സിറ്റിയിലെ രസകരമായ ഗെയിമുകൾ എന്നിവയുൾപ്പെടെ ഡിസംബർ 31-ന് വൈകീട്ട് 3 മണി മുതൽ രാത്രി 2 മണിവരെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയിൽ നിരവധി പരിപാടികൾ ഒരുക്കുന്നതാണ്.
പങ്കെടുക്കുന്ന രാജ്യങ്ങളുടെ പവലിയനുകൾ വൈവിധ്യമാർന്ന കാർണിവൽ വിനോദ പ്രകടനങ്ങൾ, അന്താരാഷ്ട്ര കലാ-സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയിലൂടെ പുതുവർഷപ്പിറവി ആഘോഷിക്കുന്നതാണ്. ഫെസ്റ്റിവൽ സന്ദർശകർക്ക് വിവിധ പവലിയനുകൾക്കിടയിൽ നടന്ന് വർണ്ണാഭമായ നാടോടി കലകളും കരകൗശലങ്ങളും, ലോകമെമ്പാടുമുള്ള പങ്കെടുക്കുന്ന രാജ്യങ്ങളുടെ പരമ്പരാഗത ഗാനങ്ങളും നൃത്തങ്ങളും അവരുടെ പരമ്പരാഗത വേഷവിധാനങ്ങളിൽ വിദഗ്ധരായ കലാകാരന്മാരും കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ വിനോദപരിപാടികളും അന്താരാഷ്ട്ര സ്റ്റേജുകളിൽ ആസ്വദിക്കാവുന്നതാണ്.
പ്രമുഖ എമിറാത്തി കലാകാരന്മാർ അവതരിപ്പിക്കുന്ന വളരെ ജനപ്രിയമായ എമിറാത്തി പൈതൃക നൃത്തങ്ങളായ അൽ യോല, അൽ റസ്ഫ എന്നിവയും അരങ്ങേറുന്നതാണ്. പുതുവർഷത്തെ വരവേറ്റു കൊണ്ട് 27 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന ഗ്ലോബൽ സിവിലൈസഷൻ പരേഡ് നാടോടിനൃത്തകലകളും, സാംസ്‌കാരിക പരിപാടികളും അവതരിപ്പിച്ച് കൊണ്ട് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ വേദിയെ പ്രദക്ഷിണം ചെയ്യുന്നതാണ്.
2022 നവംബർ 18-ന് ആരംഭിച്ച ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023 മാർച്ച് 18 വരെ നീണ്ട് നിൽക്കുന്നതാണ്. ഇത്തവണത്തെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ നാലായിരത്തിലധികം പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: File Photo of New Year fireworks at Sheikh Zayed Festival to welcome 2021. Source: WAM.