അബുദാബി: ഷെയ്ഖ് സായിദ് പൈതൃകോത്സവം 2022 നവംബർ 18-ന് ആരംഭിക്കും

featured GCC News

2022-ലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ നവംബർ 18 മുതൽ ആരംഭിക്കുമെന്ന് മേളയുടെ സംഘാടക കമ്മിറ്റി അറിയിച്ചു. ഒക്ടോബർ 29-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയിലെ അൽ വത്ബയിൽ വെച്ചാണ് ഷെയ്ഖ് സായിദ് പൈതൃകോത്സവം നടത്തുന്നത്. 2022 നവംബർ 18 മുതൽ ആരംഭിക്കുന്ന ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ 2023 മാർച്ച് 18 വരെ നീണ്ട് നിൽക്കും.

യു എ ഇയുടെ സ്ഥാപക പിതാവായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന ഈ സാംസ്കാരികോത്സവം, രാജ്യത്തിൻറെ പൈതൃക തനിമ, പാരമ്പര്യം എന്നിവ എടുത്തുകാട്ടുന്നു. സന്ദർശകർക്ക് യു എ ഇയുടെ വ്യത്യസ്തങ്ങളായ പരമ്പരാഗത രീതികളും, സംസ്കാരവും അതിന്റെ കലാരൂപങ്ങൾ, കരകൗശല വിദ്യകൾ, ഭക്ഷണം, ആചാരം മുതലായവയും അടുത്തറിയാൻ ഷെയ്ഖ് സായിദ് പൈതൃകോത്സവം സഹായിക്കുന്നു.

യു എ ഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് വർഷാവർഷം നടത്തിവരുന്ന ഈ മേള ആഗോളതലത്തിൽ തന്നെ പ്രാധാന്യമുള്ള ഒരു സാംസ്‌കാരിക ഉത്സവമാണ്.