ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് നിലവിൽ ഫീസ് ഏർപ്പെടുത്തിയിട്ടില്ലെന്ന് ഷെൽ ഒമാൻ

GCC News

ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് പ്രത്യേക ഫീസ് ഏർപ്പെടുത്തി എന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ സംബന്ധിച്ച് ഷെൽ ഒമാൻ ഒരു പ്രസ്താവന പുറത്തിറക്കി. 2024 മാർച്ച് 28-നാണ് ഷെൽ ഒമാൻ ഇക്കാര്യം അറിയിച്ചത്.

ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ഷെൽ ഒമാൻ സർവീസ് സ്റ്റേഷനുകളിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള സേവനം തീർത്തും സൗജന്യമായി തുടരുന്നതായും ഈ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അറിയിപ്പ് സംബന്ധിച്ച രേഖകൾ തങ്ങളുടെ കമ്പനി നടത്തി വന്നിരുന്ന പരീക്ഷണാടിസ്ഥാനത്തിനുള്ള പ്രവർത്തനങ്ങൾക്കായി ജീവനക്കാർക്കിടയിൽ ആഭ്യന്തരമായി പങ്ക് വെച്ചവയാണെന്നും ഷെൽ ഒമാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചാർജിങ് സ്റ്റേഷനുകളിൽ ഇലക്ട്രിക് കാറുകൾ ചാർജ്ജ് ചെയ്യുന്നതിന് കിലോവാട്ടിന് 250 ബൈസ നിരക്കിൽ ഈടാക്കാൻ നിർദേശിച്ച് കൊണ്ടുള്ള ഷെൽ ഒമാൻ പുറത്തിറക്കിയ ഒരു രേഖ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത നൽകിയത്.

“2022-ൽ ഷെൽ ഒമാൻ സർവീസ് സ്റ്റേഷനുകളിൽ ഇ വി ചാർജിങ് സേവനങ്ങൾ ആരംഭിച്ചത് മുതൽ അവ സൗജന്യമായാണ് നൽകിവരുന്നത്. ഇ വി ചാർജിങ് സേവനങ്ങൾക്ക് ഒരു ഫീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് നിലവിൽ കമ്പനി പഠനങ്ങൾ നടത്തുന്നുണ്ടെന്നത് യാഥാർഥ്യമാണ്. എന്നാൽ ഇത് സംബന്ധിച്ച്‌ ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ” “, ഷെൽ ഒമാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

“ഇത്തരം ഒരു തീരുമാനം യാഥാർഥ്യമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അത് സംബന്ധിച്ച അറിയിപ്പ് കൃത്യമായി നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ, നിയന്ത്രണങ്ങൾ, ഉപഭോക്താക്കൾക്കുള്ള ഈ സേവനത്തിന്റെ ലഭ്യത, ഇ വി ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിരത ഉറപ്പാക്കുക തുടങ്ങിയ നിരവധി ഘടകങ്ങൾ കണക്കിലെടുത്ത് മാത്രമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളുന്നത്.”, അധികൃതർ കൂട്ടിച്ചേർത്തു.