ഖസായിനിലെ സിലാൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2024 ജൂൺ 29, ശനിയാഴ്ചയാണ് ഇവിടെ നിന്നുള്ള വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
സൗത്ത് അൽ ബതീന ഗവർണറേറ്റിലെ ബർഖ വിലായത്തിലുള്ള ഖസായിൻ ഇക്കണോമിക് സിറ്റിയിലാണ് സിലാൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. ഖസായിൻ ഇക്കണോമിക് സിറ്റിയിലെ ഏറ്റവും വലിയ ദേശീയ പദ്ധതികളിലൊന്നാണിത്.
ഖസായിനിലെ ഫുഡ് സിറ്റിയുടെ ഭാഗമായുള്ള പ്രധാനപ്പെട്ട പദ്ധതികളിലൊന്നാണ് സിലാൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് എന്ന് ഖസായിൻ ഇക്കണോമിക് സിറ്റി അധികൃതർ അറിയിച്ചു. ഒമാനിലെ ഭക്ഷ്യ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട വികസനങ്ങളിൽ നടന്നിട്ടുള്ള പ്രധാനപ്പെട്ട നിക്ഷേപങ്ങളിലൊന്ന് എന്ന രീതിയിൽ ഈ പദ്ധതിയ്ക്ക് ഏറെ പ്രാധ്യാന്യമുണ്ട്.
ഖസായിനിലെ സാമ്പത്തിക, വാണിജ്യ, സുസ്ഥിര വികസന പ്രവർത്തനങ്ങൾക്ക് ഈ പുതിയ മാർക്കറ്റ് ഏറെ ഊർജ്ജം പകരുന്നതാണ്. പഴം, പച്ചക്കറി എന്നിവയുടെ വിതരണം, ഇറക്കുമതി, ഒമാനിലേക്ക് ഇറക്കുമതി ചെയ്ത ശേഷം വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി തുടങ്ങിയവയ്ക്ക് ഏറെ കരുത്ത് പകരുന്ന ഒരു പദ്ധതിയാണിത്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി എന്നിവ വിപണനം ചെയ്യുന്നതിനുള്ള ഒരു സംവിധാനം എന്ന രീതിയിലും ഈ മാർക്കറ്റിന് ഏറെ പ്രാധ്യാന്യമുണ്ട്. മൊത്തവ്യാപാര മേഖല, കടകൾ, കസ്റ്റംസ് പരിശോധനയ്ക്കുള്ള സംവിധാനം, ഫുഡ് സേഫ്റ്റി ലാബ്, പ്രാദേശിക ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള വ്യാപാരകേന്ദ്രങ്ങൾ, മറ്റു ഓഫീസുകൾ എന്നിവ ഉൾപ്പെടുന്നതാണ് സിലാൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ്.
മസ്‌കറ്റിലെ മവേല സെൻട്രൽ പഴം പച്ചക്കറി മൊത്തവിതരണ മാർക്കറ്റിന്റെ പ്രവർത്തനങ്ങൾ 2024 ജൂൺ 29 മുതൽ ഖസായിനിലേക്ക് മാറ്റാൻ അധികൃതർ നേരത്തെ തീരുമാനിച്ചിരുന്നു.
മവേലയിലെ സെൻട്രൽ മാർക്കറ്റ് പഴം, പച്ചക്കറി എന്നിവയുടെ ചില്ലറ വ്യാപാരത്തിനുള്ള ഒരു കേന്ദ്രമായി നിലനിർത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Cover Image: @KhazaenEC.