യു എ ഇ: 2021 ഡിസംബർ 13 വരെ 6.3 ദശലക്ഷംപേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചു

featured UAE

2021 ഡിസംബർ 13 വരെ 6358464 പേർ എക്സ്പോ 2020 ദുബായ് വേദി സന്ദർശിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഡിസംബർ 13-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം പങ്ക് വെച്ചത്.

ലോകനിലവാരത്തിലുള്ള സംഗീത പരിപാടികൾ, കായിക മത്സരങ്ങൾ, ദേശീയദിനാഘോഷങ്ങൾ, കുടുംബാംഗങ്ങൾക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികൾ തുടങ്ങിയവ എക്സ്പോ വേദിയിലെത്തുന്ന സന്ദർശകരുടെ എണ്ണം ഉയരുന്നതിന് കാരണമായതായി സംഘാടകർ ചൂണ്ടിക്കാട്ടി. എക്‌സ്‌പോ സീസൺ പാസ് ഉപയോഗിക്കുന്നവരുടെ എണ്ണം ഉയരുന്നതും ലോക എക്സ്പോ വേദിയിലെ തിരക്ക് കൂടുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ഡിസംബർ 10-ന് അൽ വാസൽ പ്ലാസയിൽ ഗ്രാമി അവാർഡ് ജേതാവ് അലിസിയ കീസിന്റെ ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സ്നേഹം, പ്രത്യാശ എന്നിവയ്‌ക്കൊപ്പം സ്വപ്നങ്ങളിൽ നിന്ന് യാഥാർഥ്യങ്ങൾ നിർമ്മിക്കുന്നതിന്റെ ആശയങ്ങൾ കൂടി ഉൾകൊള്ളുന്ന അവരുടെ ഷോ കാണികളുടെ മനം മയക്കുന്നതായിരുന്നു. കീസ് എന്ന പേരിലുള്ള അവരുടെ പുതിയ ആൽബം പുറത്തിറക്കുന്ന ചടങ്ങിനും ദുബായ് എക്സ്പോ വേദി സാക്ഷിയായി.

ഡിസംബർ 12-ന് ജൂബിലി പാർക്കിൽ ഇന്ത്യൻ ഗായിക നേഹ കക്കാർ പ്രത്യേക സംഗീതപരിപാടി അവതരിപ്പിച്ചു. 142 രാജ്യങ്ങളിൽ നിന്നുള്ള സംഗീതജ്ഞരും, ഗായകരും ഉൾപ്പെടുന്ന എക്സ്പോ വേൾഡ് കൊയർ ജൂബിലി സ്റ്റേജിൽ പ്രത്യേക പരിപാടി അവതരിപ്പിച്ചു. ക്രിസ്മസ് ആഘോഷപരിപാടികൾ ഡിസംബറിൽ എക്സ്പോ വേദിയിലേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നതിന് കാരണമാകുമെന്ന് സംഘാടകർ വ്യക്തമാക്കി. ഇതുവരെ 30 ദശലക്ഷം പേർ വെർച്വൽ സംവിധാനങ്ങളിലൂടെ (https://virtualexpodubai.com/) എക്സ്പോ 2020 വേദി സന്ദർശിച്ചതായും സംഘാടകർ കൂട്ടിച്ചേർത്തു.