പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് (സ്പേസ്ഓപ്സ് 2023) 2023 മാർച്ച് 6-ന് ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ചു. ലോകത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ബഹിരാകാശശാസ്ത്ര സമ്മേളനങ്ങളിലൊന്നാണിത്.
മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (MBRSC), ഇന്റർനാഷണൽ കമ്മിറ്റി ഓൺ ടെക്നിക്കൽ ഇന്റർചേഞ്ച് ഫോർ സ്പേസ് മിഷൻ ഓപ്പറേഷൻസ് ആൻഡ് ഗ്രൗണ്ട് ടാറ്റ സിസ്റ്റംസ് എന്നിവർ സംയുക്തമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. 2023 മാർച്ച് 6-ന് ആരംഭിച്ച ഈ സമ്മേളനം മാർച്ച് 10 വരെ നീണ്ട് നിൽക്കും.

ഇതാദ്യമായാണ് അറബ് മേഖലയിൽ വെച്ച് ഇന്റർനാഷണൽ കോൺഫറൻസ് ഓൺ സ്പേസ് ഓപ്പറേഷൻസ് സംഘടിപ്പിക്കുന്നത്. ബഹിരാകാശശാസ്ത്ര മേഖലയിലെ ആഗോളതലത്തിൽ തന്നെ പ്രശസ്തരായ ശാസ്ത്രജ്ഞർ, പ്രതിനിധികൾ, വിദഗ്ദ്ധർ തുടങ്ങിയവർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

അറബ് ലോകത്തെ ആദ്യ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന റാഷിദ് റോവർ 2023 ഏപ്രിൽ 25-ന് ചന്ദ്രനിൽ ഇറങ്ങുമെന്ന് MBRSC ഡയറക്ടർ ജനറൽ സലേം അൽ മാരി സ്പേസ്ഓപ്സ് 2023-ൽ വെച്ച് വ്യക്തമാക്കി.
സ്പേസ്ഓപ്സ് 2023-ന്റെ ഭാഗമായി നടന്ന ഒരു പൂര്ണ്ണസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റാഷിദ് റോവറിന്റെ വിജയകരമായുള്ള വിക്ഷേപണത്തിന് ശേഷം റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് ലൂണാർ ലാൻഡർ ഇതുവരെ 1.6 മില്യൺ കിലോമീറ്റർ സഞ്ചരിച്ചതായും, ഈ പേടകം 2023 ഏപ്രിൽ 25-ന് ചന്ദ്രോപരിതലത്തിലിറങ്ങുമെന്നാണ് നിലവിൽ കരുതുന്നതെന്നും അൽ മാരി അറിയിച്ചു.
2022 ഡിസംബർ 11 ഞായറാഴ്ച, യു എ ഇ സമയം രാവിലെ 11.38-നാണ് ഫ്ലോറിഡയിലെ കേപ്പ് കാനവേറൽ സ്പേസ് സ്റ്റേഷനിൽ നിന്ന് റാഷിദ് റോവറിനെ വഹിച്ച് കൊണ്ടുള്ള സ്പേസ്എക്സ് ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചത്.
Cover Image: @MBRSpaceCentre.