ബഹ്‌റൈൻ: സൗദി ദേശീയദിനത്തിന്റെ ഭാഗമായുള്ള പ്രത്യേക ആഘോഷപരിപാടികൾക്ക് മനാമ സൂഖിൽ തുടക്കമായി

GCC News

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി മനാമ സൂഖിൽ സംഘടിപ്പിക്കുന്ന പ്രത്യേക ആഘോഷപരിപാടികൾക്ക് തുടക്കമായതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (BTEA) അറിയിച്ചു. 2022 സെപ്റ്റംബർ 22-ന് രാത്രിയാണ് BTEA ഇക്കാര്യം അറിയിച്ചത്.

‘നിങ്ങളെ കാണുന്നതിൽ അതിയായ ആഹ്ലാദമുണ്ട്’ എന്ന ആശയത്തിൽ ഊന്നിയുള്ള ഈ പ്രത്യേക ആഘോഷ പരിപാടികൾ ബഹ്‌റൈനിലെ സ്വകാര്യമേഖലയിൽ നിന്നുള്ള പങ്കാളിത്തത്തോടെയാണ് BTEA സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലുടനീളം വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

ബഹ്‌റൈനും, സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെയും, വാണിജ്യ, സാംസ്‌കാരിക മൂല്യങ്ങളുടെ കൈമാറ്റത്തിന്റെയും വേദി എന്ന രീതിയിലാണ് ഈ ആഘോഷങ്ങൾക്കായി മനാമ സൂഖ് തിരഞ്ഞെടുത്തതെന്ന് BTEA സി ഇ ഓ ഡോ. നാസ്സർ ഖഈദി വ്യക്തമാക്കി. ഈ ആഘോഷങ്ങളുടെ ഭാഗമായി മനാമ സൂഖിൽ ബഹ്‌റൈനി ഫോക് കലാകാരൻമാർ സൗദി അറേബ്യയിലെയും, ബഹ്‌റൈനിലെയും പരമ്പരാഗത സംഗീതം ആലപിച്ചു.

സൗദി ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് BTEA നേരത്ത അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ബഹ്‌റൈനിലെ ഷോപ്പിംഗ് മാളുകൾ, ബീച്ചുകൾ എന്നിവ ഉൾപ്പടെയുള്ള പ്രധാന ടൂറിസ്റ്റ് ഇടങ്ങളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

മനാമ സൂഖിൽ വെച്ച് സംഘടിപ്പിക്കുന്ന, പത്ത് ദിവസം നീണ്ട് നിൽക്കുന്ന, ‘റോഡ് ടു മനാമ’ പൈതൃകോത്സവം 2022 സെപ്റ്റംബർ 22-ന് ആരംഭിച്ചിട്ടുണ്ട്. 2022 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ ദിനവും വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.

പരമ്പരാഗത ബഹ്‌റൈനി കരകൗശലവിദ്യകളെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിനും, അവരെ ഇത് പരിശീലിപ്പിക്കുന്നതിനുമുള്ള വിവിധ വർക്ക്ഷോപ്പുകൾ ഈ മേളയുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പരമ്പരാഗത ബഹ്‌റൈനി വിനോദങ്ങൾ, സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള കഥാകഥന സദസ്സുകൾ മുതലായവയും ഈ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. സൗദി നാഷണൽ ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 മുതൽ 24 വരെ പ്രത്യേക പാവകളിപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.