ബഹ്‌റൈൻ: ‘റോഡ് ടു മനാമ’ പൈതൃകോത്സവം സെപ്റ്റംബർ 22 മുതൽ ആരംഭിക്കും

featured GCC News

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ‘റോഡ് ടു മനാമ’ പൈതൃകോത്സവം 2022 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു. മനാമ സൂഖിൽ വെച്ചാണ് ഈ പൈതൃകോത്സവം സംഘടിപ്പിക്കുന്നത്.

ബഹ്‌റൈൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2022 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 1 വരെ ദിനവും വൈകുന്നേരങ്ങളിൽ അരങ്ങേറുന്ന രീതിയിലാണ് ഈ മേള സംഘടിപ്പിക്കുന്നത്.

പരമ്പരാഗത ബഹ്‌റൈനി കരകൗശലവിദ്യകളെക്കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുന്നതിനും, അവരെ ഇത് പരിശീലിപ്പിക്കുന്നതിനുമുള്ള വിവിധ വർക്ക്ഷോപ്പുകൾ ഈ മേളയുടെ ഭാഗമായി അരങ്ങേറുമെന്ന് ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി വ്യക്തമാക്കി. പരമ്പരാഗത ബഹ്‌റൈനി വിനോദങ്ങൾ, സംഗീത പരിപാടികൾ, കുട്ടികൾക്കായുള്ള കഥാകഥന സദസ്സുകൾ മുതലായവയും ഈ മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നതാണ്. സൗദി നാഷണൽ ഡേയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 22 മുതൽ 24 വരെ പ്രത്യേക പാവകളിപ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.