മഴ അനുഭവപ്പെടുന്ന അവസരത്തിൽ വാഹനങ്ങൾ സുരക്ഷിതമായി ഡ്രൈവ് ചെയ്യാൻ അബുദാബി പോലീസ് ആഹ്വാനം ചെയ്തു

featured UAE

എമിറേറ്റിലെ റോഡുകളിൽ അസ്ഥിര കാലാവസ്ഥ അനുഭവപ്പെടുന്ന അവസരങ്ങളിൽ അതീവ സുരക്ഷയോടെ വാഹനങ്ങൾ കൈകാര്യം ചെയ്യാൻ അബുദാബി പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. അബുദാബിയിലെ പ്രധാന പാതകളിലും, പ്രാദേശിക റോഡുകളിലും ജാഗ്രത പുലർത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

2022 ജൂലൈ 26-നാണ് അബുദാബി പോലീസ് ഇത്തരം ഒരു നിർദ്ദേശം നൽകിയത്. വരും ദിനങ്ങളിൽ എമിറേറ്റിൽ അസ്ഥിര കാലാവസ്ഥ തുടരാൻ സാധ്യതയുള്ളതിനാലാണ് ഇത്തരം ഒരു അറിയിപ്പ്.

വാഹനങ്ങൾ ഉപയോഗിക്കുന്നവർ കാലാവസ്ഥാ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, വാഹനങ്ങൾ അമിത വേഗതയിൽ ഉപയോഗിക്കരുതെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ മുന്നിലെ വാഹനത്തിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാൻ പോലീസ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

റോഡിൽ ശ്രദ്ധ ചെലുത്താനും, അശ്രദ്ധയ്ക്കിടയാക്കുന്ന ശീലങ്ങൾ ഒഴിവാക്കാനും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. വാഹനം ഓടിക്കുന്ന വേളയിൽ ഫോൺ, ക്യാമറ എന്നിവ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തരുതെന്നും, എമിറേറ്റിലെ റോഡുകളിലെ ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിൽ തെളിയുന്ന വേഗപരിധികൾ കൃത്യമായി പാലിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.