മസ്കറ്റ്: പാർപ്പിടമേഖലകളിൽ ട്രക്കുകൾ അനുചിതമായി പാർക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ്

GCC News

പാർപ്പിടമേഖലകളിൽ ട്രക്കുകൾ ക്രമരഹിതമായി പാർക്ക് ചെയ്യുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2026 നവംബർ 11-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ട്രക്ക്, ഹെവി എക്യുപ്‌മെന്റ് ഉടമകൾ തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിയുക്ത പാർക്കിംഗ് ഏരിയകൾ ഉപയോഗിക്കണമെന്ന് മസ്‌കറ്റ് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

റെസിഡൻഷ്യൽ ഏരിയകളിൽ ഇത്തരം വലിയ വാഹനങ്ങൾ ക്രമരഹിതമായി പാർക്ക് ചെയ്യുന്നത് ഗതാഗതത്തെ തടസ്സപ്പെടുത്തുകയും, പൊതു സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുകയും, താമസക്കാർക്ക് അസൗകര്യമുണ്ടാക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹെവി വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും അനുചിതമായ പാർക്കിംഗ് മറ്റുവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിശ്ചിത പാർക്കിംഗ് സ്ഥലങ്ങൾ കൈവശപ്പെടുത്തുകയും, റോഡ് ഉപയോക്താക്കളുടെ ചലനത്തെ നിയന്ത്രിക്കുകയും, റെസിഡൻഷ്യൽ ഏരിയകളുടെ മൊത്തത്തിലുള്ള രൂപഭംഗിയെ ബാധിക്കുകയും ചെയ്യുന്നുവെന്ന് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.

ട്രക്കുകളും ഹെവി ഉപകരണങ്ങളും നിയുക്ത സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി ഉടമകളോടും ഓപ്പറേറ്റർമാരോടും ആഹ്വാനം ചെയ്തിട്ടുണ്ട്.