ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിൽ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി അജ്‌മാൻ പോലീസ്

GCC News

ദുബായ് – ഹത്ത റോഡിലെ മസ്ഫൗത് മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറച്ചതായി അജ്‌മാൻ പോലീസ് അറിയിച്ചു. 2023 ജനുവരി 26-നാണ് അജ്‌മാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

റോഡ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ദുബായ് – ഹത്ത റോഡിൽ, അജ്‌മാൻ എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന മസ്ഫൗത്, മുസായിർ മേഖലകളിലാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്.

ഈ മേഖലയിൽ നേരത്തെ പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരുന്നത് മണിക്കൂറിൽ 80 കിലോമീറ്റാറാക്കി കുറച്ചിട്ടുണ്ടെന്നും, ഇത് സംബന്ധിച്ച അടയാള ബോർഡുകൾ മേഖലയിൽ സ്ഥാപിച്ചതായും അജ്‌മാൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സൈഫ് അബ്ദുല്ല അൽ ഫലസി അറിയിച്ചു. ഈ മേഖലയിലെ അപകടങ്ങൾ കുറയ്ക്കുന്നത് സംബന്ധിച്ച് നടത്തിയ പഠനങ്ങളുടെ ഫലമായാണ് ഇത്തരം ഒരു തീരുമാനം നടപ്പിലാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: Ajman Police.