എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ സെപ്റ്റംബർ 27, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ തീരുമാനിച്ചതായി ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) വ്യക്തമാക്കി. വിദ്യാലയങ്ങളിൽ COVID-19 പ്രതിരോധ നടപടികളും, ആവശ്യമായ പരിശോധനകളും പൂർത്തിയാക്കിയതിനാലാണ് നേരിട്ടുള്ള അധ്യയനം ആരംഭിക്കാൻ SPEA തീരുമാനിച്ചത്.
ഇതോടെ മാർച്ച് മാസം മുതൽ അടഞ്ഞു കിടക്കുന്ന എമിറേറ്റിലെ വിദ്യാലയങ്ങളിൽ വിദ്യാർഥികൾ നേരിട്ടെത്തുന്ന രീതിയിലുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്. പുതിയ അധ്യയന വർഷത്തിൻറെ ഭാഗമായി നേരിട്ടുള്ള അധ്യയനവും, ഓൺലൈൻ വിദ്യാഭ്യാസ രീതിയും സംയോജിപ്പിച്ചുള്ള സമ്മിശ്ര രീതിയിലുള്ള പഠന സമ്പ്രദായമാണ് വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്നത്. മുഴുവൻ വിദ്യാർത്ഥികളെയും ഒരുമിച്ച് വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുന്നതിനു പകരം, ഘട്ടം ഘട്ടമായി വിദ്യാർത്ഥികളുടെ പ്രവേശനം നടപ്പിലാക്കുന്നതിനാണ് SPEA തീരുമാനിച്ചിട്ടുള്ളത്.
യു എ ഇയിലെ മറ്റു എമിറേറ്റുകളിലെ പോലെ ഓഗസ്റ്റ് 30 മുതൽ ഷാർജയിലും പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് അധികൃതർ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 12 വരെയുള്ള ആദ്യ രണ്ട് ആഴ്ചകളിൽ എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെയായിരിക്കും അധ്യയനം നൽകുന്നതെന്നും, സെപ്റ്റംബർ 13 മുതൽ വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുമെന്നും SPEA പിന്നീട് വ്യക്തമാക്കിയിരുന്നു.
പിന്നീട് ഈ തീരുമാനം രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ (സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 24 വരെ) തീരുമാനിച്ചതായി SPEA സെപ്റ്റംബർ 8-നു അറിയിക്കുകയായിരുന്നു. എമിറേറ്റിലെ ആരോഗ്യ മേഖലയിലെ സാഹചര്യങ്ങൾ വിശകലനം ചെയ്ത ശേഷമാണ് SPEA ഈ തീരുമാനങ്ങൾ നടപ്പിലാക്കിയത്.