ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ അറേബ്യൻ ഉപദ്വീപിന്റെ ബഹിരാകാശ ദൃശ്യങ്ങൾ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി പങ്ക് വെച്ചു. യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായാണ് അൽ നെയാദി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയത്.
അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള ദൃശ്യങ്ങൾ അടങ്ങിയ നാലരമിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോയാണ് അറബ് വിവരണത്തോടെ അദ്ദേഹം പങ്ക് വെച്ചത്. തുടർന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ഇംഗ്ളീഷ് സബ്ടൈറ്റിലുകളോടെ ഈ വീഡിയോ യൂട്യൂബിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഭൂമിയ്ക്ക് മുകളിലൂടെ മണിക്കൂറിൽ 27000 കിലോമീറ്ററിലധികം വേഗതയിൽ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് പകർത്തിയ ഗൾഫ് മേഖലയുടെ പകൽക്കാഴ്ച്ചകളാണ് അദ്ദേഹം പങ്ക് വെച്ചിരിക്കുന്നത്.
“ഇറാഖ് മുതൽ മസ്കറ്റ് വരെ, അറേബ്യൻ പെനിൻസുല മേഖലയുടെ ബഹിരാകാശത്ത് നിന്നുള്ള പ്രഭാതക്കാഴ്ചകളിലേക്ക് ഞാൻ നിങ്ങളെ കൂട്ടികൊണ്ട് പോകുന്നു.”, ഈ ദൃശ്യം പങ്ക് വെച്ച് കൊണ്ട് അൽ നെയാദി സമൂഹമാധ്യമങ്ങളിൾ കുറിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒബ്സർവേറ്ററി മൊഡ്യൂളിൽ നിന്നാണ് അദ്ദേഹം ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.
സൗദി അറേബ്യ, കുവൈറ്റ്, ഇറാഖ്, ബഹ്‌റൈൻ, ഖത്തർ, യു എ ഇ തുടങ്ങിയ രാജ്യങ്ങളുടെ ബഹിരാകാശ ദൃശ്യങ്ങൾ അദ്ദേഹം ഈ വീഡിയോയിൽ പങ്ക് വെച്ചിട്ടുണ്ട്.
യു എ ഇയുടെ ദീർഘകാല ബഹിരാകാശയാത്രാ ദൗത്യത്തിന്റെ ഭാഗമായി ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെത്തിയ എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി 2023 ഏപ്രിൽ 28-ന് ബഹിരാകാശത്ത് നടക്കുമെന്ന് മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
With inputs from WAM.