ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിലേക്കും, തിരികെയും, ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികൾക്ക് പ്രത്യേക വിമാനസർവീസുകൾ നടത്തുന്നതിനുള്ള അനുമതി നൽകുന്നതിനുള്ള, എയർ ബബിൾ കരാർ സംബന്ധിച്ച് ചർച്ചകൾ നടന്നുവരുന്നതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സയീദ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളിൽ COVID-19 മൂലമുണ്ടായിട്ടുള്ള ആഘാതങ്ങൾ വിശകലനം ചെയ്യുന്ന ഒരു വെബ്ബിനാറിൽ അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സൂചിപ്പിച്ചതായാണ് ലഭിക്കുന്ന വിവരം.
സൗദിയും ഇന്ത്യയും തമ്മിലുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ സാധാരണ നിലയിൽ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അന്തരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സൗദി അധികൃതർ തുടർച്ചയായി സഹചര്യങ്ങൾ വിലയിരുത്തിവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്ത്യയുടെ ഭാഗത്ത് നിന്ന് സൗദിയുമായുള്ള എയർ ബബിൾ കരാറിലേർപ്പെടുന്നതിനുള്ള ചർച്ചകൾ സൗദി അധികൃതരുമായി നടന്നു വരുന്നതായും, ഇത് ഉടൻ നിലവിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.